സമുദായത്തിന്റെ മതപരവും സാംസ്കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യം; കേസ് 2027 ജനുവരി അഞ്ചിന് പരിഗണിക്കും
ന്യൂഡല്‍ഹി: ക്നാനായ ക്രൈസ്തവ സമുദായത്തിന്റെ സ്വജാതി വിവാഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സമുദായാംഗങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. സമുദായത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വത്വത്തെയും അവകാശങ്ങളെയും ഇല്ലാതാക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2026 മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിധിയില്‍ ക്നാനായ സമുദായത്തെ പ്രത്യേക മതവിഭാഗമായി പോലും അംഗീകരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
അന്തര്‍വിവാഹം അഥവാ സമുദായത്തിനുള്ളില്‍ത്തന്നെ വിവാഹം കഴിക്കുന്ന രീതി ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ ആചാരത്തിന് മതപരവും സാംസ്കാരികവുമായ സംരക്ഷണം ഭരണഘടനയുടെ 26ാം അനുച്ഛേദം ഉറപ്പുനല്‍കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. അഭിഭാഷകന് ശ്രീറാം പരക്കാട്ട് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മതവിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങളും മതപരമായ ചടങ്ങുകളും സ്വയം തീരുമാനിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ശിരൂര്‍ മഠം കേസില്‍ പുറപ്പെടുവിച്ച വിധിയും ഇതിന് ആധാരമായി ഉദ്ധരിച്ചിട്ടുണ്ട്. മതത്തിന്റെ അവിഭാജ്യഘടകമായ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഭരണഘടനാ സംരക്ഷണം ലഭിക്കുമെന്ന് അന്നത്തെ വിധിയില്‍ വ്യക്തമാക്കിയിരുന്നു.
ക്നാനായ സമുദായത്തിന്റെ ഉപനിയമപ്രകാരം ക്നാനായ പുരുഷനോ സ്ത്രീക്കോ മാത്രമാണ് ക്നാനായ പള്ളികളില്‍ അംഗത്വത്തിന് അര്‍ഹതയുള്ളത്. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന അംഗങ്ങളുടെ ക്നാനായ പള്ളികളിലെ അംഗത്വാവകാശം ആ വിവാഹം നിലനില്‍ക്കുന്ന കാലത്തേക്ക് മരവിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അവരെ പൂര്‍ണമായി സഭയില്‍നിന്ന് പുറത്താക്കുന്നില്ലെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. ഇവര്‍ക്ക് കോട്ടയം അതിരൂപതയ്ക്ക് പുറത്തുള്ള സീറോ മലബാര്‍ പള്ളികളില്‍ ആരാധനയിലും മറ്റ് ആത്മീയ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി വിധി ക്നാനായ സഭയുടെ മാത്രമല്ല, രാജ്യത്തെ മറ്റ് െ്രെകസ്തവ മതവിഭാഗങ്ങളുടെയും സവിശേഷമായ മതപരമായ അവകാശങ്ങളെ ബാധിക്കുമെന്ന് ഹര്‍ജിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. കോട്ടയം അതിരൂപതയുടെ പ്രത്യേക ക്നാനായ സ്വഭാവം ഇല്ലാതായാല്‍ അതിന്റെ രൂപീകരണ ലക്ഷ്യം തന്നെ തകരുമെന്നും പതിനാറ് നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സമുദായത്തിന്റെ വംശീയവും സാംസ്കാരികവുമായ സ്വത്വത്തിന് തിരിച്ചടിയാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
എ.ഡി. 345ല്‍ തോമസ് ഓഫ് ക്നായിയുടെ നേതൃത്വത്തില്‍ തെക്കന്‍ മെസൊപ്പൊട്ടേമിയയില്നിന്ന് 72 കുടുംബങ്ങളിലായി ഏകദേശം 400 സാധാരണക്കാരും നാല് വൈദികരും നിരവധി ഡീക്കന്മാരും ഉള്‍പ്പെട്ട സംഘം കൊടുങ്ങല്ലൂരിലെത്തിയതോടെയാണ് ക്നാനായ സമുദായത്തിന്റെ ചരിത്രം ആരംഭിച്ചതെന്നാണ് ഹര്‍ജിയില്‍ വിശദീകരിക്കുന്നത്. കേരളത്തിന്റെ സാമൂഹികസാംസ്കാരിക ജീവിതവുമായി ഇണങ്ങിച്ചേര്‍ന്നെങ്കിലും സമുദായത്തിനുള്ളിലെ വിവാഹരീതി കര്‍ശനമായി പിന്തുടര്ന്നതിലൂടെ തനതായ സ്വത്വം നിലനിര്‍ത്തിയവരാണ് ക്നാനായക്കാരെന്നും ഹര്‍ജിയില്‍ പറയുന്നു.
മതത്തിന്റെ അവിഭാജ്യഘടകമായി കണക്കാക്കുന്ന ആചാരങ്ങളില്‍ കോടതികള്‍ക്ക് എത്രത്തോളം ഇടപെടാനാകുമെന്ന വിഷയം പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധിക്കുശേഷം കേസ് പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹര്‍ജി 2027 ജനുവരി അഞ്ചിന് പരിഗണിക്കാന്‍ മാറ്റിവെച്ചു.
