ആര്‍സിബിയുടെ വിക്ടറി പരേഡില്‍ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 11 മരണം

ആര്‍സിബിയുടെ വിക്ടറി പരേഡില്‍ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 11 മരണം


ബംഗളൂരു: ഐ പി എല്‍ കിരീടം നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് നഗരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ വന്‍ദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ ഒരു സ്ത്രീയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പൊലീസിന് നിയന്ത്രിക്കാനാകുന്നതില്‍ കൂടുതല്‍ ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ തടിച്ചുകൂടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. പരിക്കേറ്റ് പലരും റോഡരികില്‍ വീണു കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആര്‍സിബി തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയായിരുന്നു.

ഇപ്പോള്‍ അപകടമുണ്ടായതിന് പിന്നാലെ, മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.