വിപ്പനുസരിച്ചല്ല സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം ജനപ്രതിനിധികള്‍ക്ക് വേണമെന്ന് മനീഷ് തിവാരി

വിപ്പനുസരിച്ചല്ല സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം ജനപ്രതിനിധികള്‍ക്ക് വേണമെന്ന് മനീഷ് തിവാരി


ന്യൂഡല്‍ഹി: പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ (വിപ്) അനുസരിച്ചല്ല സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള അവകാശം എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ മനീഷ് തിവാരി. ഇതുസംബന്ധിച്ച പ്രൈവറ്റ് മെമ്പേഴ്‌സ് ബില്‍ അദ്ദേഹം ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചു.

നിലവില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കുന്ന എം പിമാരും എം എല്‍ എമാരും പാര്‍ട്ടിയുടെ ഔദ്യോഗിക നിര്‍ദ്ദേശമായ 'വിപ്' പ്രകാരം വോട്ടുചെയ്യേണ്ടതുണ്ട്. തിവാരിയുടെ ബില്‍ ഇപ്പോഴുള്ള ആന്റി- ഡിഫെക്ഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തി ഈ നിര്‍ബന്ധിതത്വം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ വിശ്വാസവോട്ടും ധന  ബില്ലുകള്‍, സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രമേയങ്ങള്‍ എന്നിവ ഇതില്‍ നിന്ന് ഒഴിവാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തില്‍ പ്രധാന്യം 'മണിക്കൂറുകളോളം വെയിലും മഴയുമേല്‍ക്കുന്ന വോട്ടര്‍മാര്‍ക്കാണോ അതോ പാര്‍ട്ടി വിപിന് അടിമയാകുന്ന പ്രതിനിധിയെ സൃഷ്ടിക്കുന്ന പാര്‍ട്ടിക്കോ എന്ന ചോദ്യവും ലോക്സഭയിലെ ചണ്ഡീഗഡിനെ പ്രതിനിധീകരിക്കുന്ന തിവാരി ചോദിക്കുന്നു: 

പ്രൈവറ്റ് മെമ്പേഴ്‌സ് ബില്ലുകള്‍ സാധാരണയായി നിയമമാകാറില്ല. ഇത് 2010-നും 2021-നും ശേഷം തിവാരി മൂന്നാം തവണയാണ് അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസ് നിരന്തര പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉയരുകയും ചെയ്യുന്ന സമയത്താണ് തിവാരി വീണ്ടും സ്വതന്ത്ര നിലപാട് വ്യക്തമാക്കുന്നത്.

നിരവധി വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകളില്‍ നിന്നും വ്യത്യസ്ത തീരുമാനങ്ങള്‍ എടുത്തിട്ടുള്ള തിവാരി ഓപ്പറേഷന്‍ സിന്ദൂര്‍ ശേഷം മോഡി സര്‍ക്കാരിന്റെ ഡിപ്ലോമാറ്റിക് ഔട്ട്റീച്ചിലും പങ്കെടുത്തിരുന്നു.

നിയമസഭയില്‍ മനസ്സാക്ഷി, ജനാധിപത്യ ഉത്തരവാദിത്തബോധം, പൊതുവിവേകം എന്നിവ തിരിച്ചുകൊണ്ടുവരാനാണ് ഈ ബില്‍ ശ്രമിക്കുന്നതെന്ന് തിവാരി പിടിഐയോട് പറഞ്ഞു.

പാര്‍ട്ടി വിപുകള്‍ എം പിമാരെയും എം എല്‍ എമാരെയും ബോധം മങ്ങിയ അക്കങ്ങള്‍ളാക്കുമെന്നും ചിന്തയില്ലാത്ത മൂല്യശൂന്യരായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ ചര്‍ച്ചയില്ലാതെ പാസാക്കപ്പെടുന്നത് പതിവായിക്കൊണ്ടിരിക്കുന്നതും അതിന്റെ മുഖ്യ കാരണം എം പിമാര്‍ക്ക് നിയമനിര്‍മാണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തോന്നുന്ന അവസ്ഥയാണെന്നും തിവാരി വ്യക്തമാക്കി. 

ഒരു മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഒരു നിയമം തയ്യാറാക്കുന്നു; മന്ത്രി ആ നിയമം വിശദീകരിക്കുന്ന പ്രസ്താവന വായിക്കുന്നു; സാമാന്യചര്‍ച്ച നടക്കുന്നു; പിന്നെ വിപിന്റെ ബലത്താല്‍ ട്രഷറി ബെഞ്ചിലെ എല്ലാവരും അനുകൂലിച്ച് വോട്ട് ചെയ്യും, പ്രതിപക്ഷം എതിര്‍ക്കും ഇതാണ് ഇന്ന് നടക്കുന്ന 'വിപ് അടിസ്ഥാനത്തിലുള്ള അധിനായകത്വം', തിവാരി വിമര്‍ശിച്ചു.

1950 മുതല്‍ 1985 വരെ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും വിപിന് സമ്മര്‍ദ്ദ ശക്തി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

1967-ല്‍ ഹരിയാനയിലെ ഒരൊറ്റ എം എല്‍ എ ഒരു ദിവസം എട്ട് തവണ പാര്‍ട്ടി മാറിയ ''ആയാ റാം ഗയാ റാം'' കാലഘട്ടമാണ് വിപ് കടുത്ത നിര്‍ബന്ധമായി മാറാന്‍ കാരണം.

അതിനുശേഷം 18 വര്‍ഷങ്ങള്‍ക്ക് ശേഷം, പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇന്ത്യയുടെ ഭരണഘടനയില്‍ 10-ാം ഷെഡ്യൂളായ ആന്റി-ഡിഫെക്ഷന്‍ നിയമം കൊണ്ടുവന്നത്.

30 വര്‍ഷമായി, നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമം പോലും ഡിഫെക്ഷന്‍ തടയാന്‍ കഴിവില്ലാത്തതായിരിക്കുന്നു.

1960-കളില്‍ റീട്ടയില്‍ ഡിഫെക്ഷന്‍, 1990-കളില്‍ ഹോള്‍സെയില്‍ ഡിഫെക്ഷന്‍, 2000-കള്‍ക്ക് ശേഷം, പ്രത്യേകിച്ച് 2014-നുശേഷം, ഡിഫെക്ഷന്‍ 'മെഗാ മാള്‍' ബിസിനസായി മാറി,' തിവാരി കുറ്റപ്പെടുത്തി.