കൊൽക്കത്ത: ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച കൊൽക്കത്തയിൽ എത്തി. ഇൻഡോ-പസഫിക് മേഖലയിലും പശ്ചിമേഷ്യയിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ അമേരിക്ക-ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.
മേയ് 26ന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റൂബിയോയുടെ സന്ദർശനം. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ പ്രാദേശിക സുരക്ഷ, സമുദ്രാതിർത്തി സ്ഥിരത, ചൈനയുമായി ബന്ധപ്പെട്ട ആശങ്കകൾ, പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.
കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ റൂബിയോയെ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായ സെർജിയോ ഗോർ സ്വീകരിച്ചു. 'ഇന്ത്യയിലേക്കുള്ള റൂബിയോയുടെ ആദ്യ സന്ദർശനമാണിത്. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് സഹകരണം തുടങ്ങി നിരവധി വിഷയങ്ങളിൽ അടുത്ത ദിവസങ്ങളിൽ നിർണായക ചർച്ചകൾ നടക്കും,' എന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി റൂബിയോ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യ-അമേരിക്ക വ്യാപാരബന്ധം, പ്രതിരോധ സഹകരണം, ഉയർന്ന സാങ്കേതിക മേഖലകളിലെ പങ്കാളിത്തം, ഊർജ സുരക്ഷ എന്നിവ ചർച്ചകളിൽ പ്രധാന വിഷയങ്ങളായിരിക്കും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ മുൻനിർത്തി ഇന്ത്യയും അമേരിക്കയും തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യയിലെ അസ്ഥിരതയും ഹോർമുസ് കടലിടുക്കിനോട് അനുബന്ധിച്ച പ്രതിസന്ധികളും ആഗോള ഊർജ സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം നടക്കുന്നത്.
സന്ദർശനത്തിന് മുന്നോടിയായി അമേരിക്ക ഇന്ത്യയ്ക്ക് ആവശ്യമായത്ര ഊർജ വിതരണം ചെയ്യാൻ തയ്യാറാണെന്ന് റൂബിയോ വ്യക്തമാക്കിയിരുന്നു. ഇന്ധനവിലയിലെ അനിശ്ചിതത്വവും ഗൾഫ് മേഖലയിലെ സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രസ്താവനക്ക് വലിയ പ്രാധാന്യമാണുള്ളത്.
ക്വാഡ് കൂട്ടായ്മയിലൂടെ ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുകയാണ് ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയുമായി ബന്ധം കൂടുതൽ ശക്തമാക്കാൻ അമേരിക്ക; ആദ്യ ഔദ്യോഗിക സന്ദർശനത്തിന് മാർക്കോ റൂബിയോ കൊൽക്കത്തയിലെത്തി
