ബ്രസ്സല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയായ മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് കൈമാറാന്‍ ബെല്‍ജിയത്തിലെ കോടതി അനുമതി നല്‍കി. 13,500 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയാണ് അറുപത്തഞ്ചുകാരനായ മെഹുല്‍ ചോക്‌സി.
ഇന്ത്യന്‍ ഏജന്‍സികളുടെ ആവശ്യപ്രകാരം 2025 ഏപ്രില്‍ 11നാണ് ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. 2018ലാണ് മെഹുല്‍ ചോക്‌സി, അനന്തരവന്‍ നീരവ് മോദി, കുടുംബാംഗങ്ങള്‍, പിഎന്‍ബി ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും കേസെടുത്തത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ചിലാണ് ചോക്‌സി തട്ടിപ്പ് നടത്തിയത്. ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് എന്ന സ്ഥാപനം ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ദശകോടിക്കണക്കിന് ഡോളര്‍ വരുന്ന വായ്പ തരപ്പെടുത്തിയെന്നാണ് കേസ്.