വ്യാപാരത്തില്‍ ഇന്ത്യാ ചൈന ഭായ്- ഭായ്; ഇലക്ട്രിക് ബാറ്ററി നിര്‍മാണത്തില്‍ പരാതിക്കാരന്‍

വ്യാപാരത്തില്‍ ഇന്ത്യാ ചൈന ഭായ്- ഭായ്; ഇലക്ട്രിക് ബാറ്ററി നിര്‍മാണത്തില്‍ പരാതിക്കാരന്‍


ഇലക്ട്രിക് വാഹന (ഇവി), ബാറ്ററി നിര്‍മ്മാണ മേഖലകളില്‍ മുന്നേറാനുള്ള ഇന്ത്യയുടെ കഠിന പരിശ്രമം മികച്ച രീതിയില്‍ ആഭ്യന്തര വളര്‍ച്ചനേടാന്‍ സഹായകമായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് വളരെ മുന്നേതന്നെ കുത്തക നേടിയ ചൈന ഇന്ത്യയുടെ വളര്‍ച്ചയില്‍ അസൂയാലുക്കളാണെന്നത് കൗതുകകരമാണ്. ഈ അസൂയ ഇന്ത്യയ്ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കുന്നതിലേക്ക് വരെ ചൈനയെ എത്തിച്ചു എന്നതാണ് പോയവാരത്തിലെ വിശേഷം. 

ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മാണത്തിന് ഇന്ത്യ നല്‍കിവരുന്ന സബ്സിഡി പദ്ധതികള്‍ ആഗോള വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ചൈന അടുത്തിടെ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) പരാതി നല്‍കിയത്. ഒരു തര്‍ക്കം ഉന്നയിക്കുക എന്നതിലുരി, ചൈന ഡബ്ല്യുടിഒയ്ക്ക് നല്‍കിയ പരാതി ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക തന്ത്രം ലോകത്തിലെ ഏറ്റവും വലിയ ഉത്പാദന ശക്തിയായ ചൈനയെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. ഒരുപക്ഷേ ലോക വ്യാപാര രംഗത്ത് ഒന്നാം നിരയിലെത്താന്‍ അവര്‍ പയറ്റുന്ന അതേ തന്ത്രങ്ങള്‍ ഇന്ത്യയും പയറ്റാന്‍ തുടങ്ങിയിരിക്കുന്നു എന്ന് അവര്‍ ചിന്തിക്കുന്നുണ്ടാകാം.

ചൈനയുടെ ഡബ്ല്യുടിഒ വെല്ലുവിളി

ആഭ്യന്തര ഉത്പാദനത്തെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫ്ളാഗ്ഷിപ്പ് പ്രൊഡക്ഷന്‍ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമും ഇവി നയവും ഉള്‍പ്പെടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കുമുള്ള ഇന്ത്യയുടെ സബ്സിഡി നടപടികളെ ചുറ്റിപ്പറ്റിയാണ് ചൈനയുടെ പരാതി. ചൈനയുടെ അഭിപ്രായത്തില്‍ ഈ നടപടികള്‍ വിദേശ, ആഭ്യന്തര കമ്പനികള്‍ക്ക് തുല്യ പരിഗണന നല്‍കണമെന്ന് നിര്‍ബന്ധമാക്കുന്ന ഡബ്ല്യുടിഒയുടെ ദേശീയ പരിഗണനാ തത്വങ്ങളുടെ ലംഘനവും ഇറക്കുമതികളെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള നിരോധിത ഇറക്കുമതി പകര സബ്സിഡികള്‍ രൂപീകരിക്കുകയും ചെയ്യുന്നതുമാണ്.

ലോക വ്യാപാര സംഘടനാ നിയമങ്ങള്‍ അനുസരിച്ച് ഒരു പൂര്‍ണ്ണമായ തര്‍ക്കം ആരംഭിക്കുന്നതിന് മുമ്പ്, പരാതിപ്പെട്ട രാജ്യം കുറ്റാരോപിതനായ നിയമലംഘകനുമായി കൂടിയാലോചനകള്‍ നടത്തണം. തര്‍ക്ക പരിഹാര പ്രക്രിയയിലെ ആദ്യപടിയാണിത്. ഇന്ത്യയ്ക്കെതിരെ മാത്രമല്ല, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയില്‍ സമാനമായ നയപരമായ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന തുര്‍ക്കി, കാനഡ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും ചൈന ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്.

ഈ സബ്സിഡികള്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വിദേശ നിര്‍മ്മാതാക്കളെക്കാള്‍, പ്രത്യേകിച്ച് ഇന്ത്യയുടെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിയിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ചൈനീസ് കമ്പനികളെക്കാള്‍, മത്സരാധിഷ്ഠിതമായ മുന്‍തൂക്കം നല്‍കുന്നുവെന്ന വസ്തുതയില്‍ നിന്നാണ് ചൈനയുടെ പ്രകോപനം ഉടലെടുത്തത്. ഇന്ത്യയും ചൈനയും തങ്ങളുടെ മോശമായ നയതന്ത്ര ബന്ധങ്ങള്‍ വീണ്ടും ഊഷ്മളമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ വരുന്ന ഈ പരാതിയുടെ സമയം, വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ സങ്കീര്‍ണ്ണതകളെയാണ് സൂചിപ്പിക്കുന്നത്.

ചൈനയെ യഥാര്‍ഥത്തില്‍ പ്രകോപിപ്പിക്കുന്നത് എന്താണ്

തന്ത്രപരമായി പ്രധാനപ്പെട്ട മേഖലകളില്‍ ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യയെയും നിര്‍മാണ ഭാഗങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ സജീവമായി ശ്രമിക്കുന്നു എന്നതാണ് ചൈനയുടെ പരാതിക്ക് അടിസ്ഥാന കാരണം. ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി വ്യവസായങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു. ആഭ്യന്തര ശേഷി വര്‍ധിപ്പിക്കല്‍ ഒരു സാമ്പത്തിക ലക്ഷ്യം മാത്രമല്ല, ദേശീയ സുരക്ഷാ അനിവാര്യതയുമാണെന്ന് ഇന്ത്യാ ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുള്ളതാണ്.

പിഎല്‍ഐ പോലുള്ള പദ്ധതികള്‍ ഇന്ത്യയ്ക്കുള്ളില്‍ പ്രധാന ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ഗണ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. ശുദ്ധമായ ഊര്‍ജ്ജം, സെമികണ്ടക്ടറുകള്‍, നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ ഇന്ത്യന്‍ ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിനാണ് ഇന്ത്യ ഈ നയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവ ലക്ഷ്യം കാണുന്നുണ്ട്. ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുകയും ക്രമേണ ആഭ്യന്തര മൂല്യവര്‍ധനവ് വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒരു സാധ്യതയുള്ള ഉത്പാദന കേന്ദ്രമായി ഇന്ത്യ പതുക്കെ ഉയര്‍ന്നുവരുന്നു. ചൈനയുടെ കാഴ്ചപ്പാടില്‍, ഒരു ഉത്പാദന ശക്തി എന്ന നിലയില്‍ ഇന്ത്യയുടെ സാധ്യതയുള്ള ഉയര്‍ച്ച അവര്‍ക്ക് ഭീഷണിയാണ്.

ചൈനയുടെ അസ്വസ്ഥമായ നിലപാട്

ചൈനയുടെ പരാതിയെ പ്രത്യേകിച്ച് വിരോധാഭാസമാക്കുന്നത്, അത് ഇപ്പോള്‍ എതിര്‍ക്കുന്ന തന്ത്രങ്ങള്‍ തന്നെയാണ് അവരുടെ സ്വന്തം വ്യാവസായിക പ്ലേബുക്കിലെ കേന്ദ്രബിന്ദു എന്നതാണ്. പതിറ്റാണ്ടുകളായി, വന്‍തോതിലുള്ള സബ്സിഡികള്‍, വിലകുറഞ്ഞ വായ്പ, മുന്‍ഗണനാ ഭൂമി അനുവദിക്കല്‍, സംരക്ഷണ നയങ്ങള്‍ എന്നിവയുടെ പിന്‍ബലത്തിലാണ് ചൈന തങ്ങളുടെ ഉത്പാദന ശക്തി കെട്ടിപ്പടുത്തത്. ഇതെല്ലാം ആഭ്യന്തര വ്യവസായത്തെ വികസിപ്പിക്കാനും ആഗോള വിപണികളെ വിലകുറഞ്ഞ ഉത്പന്നങ്ങള്‍ കൊണ്ട് നിറയ്ക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ സബ്സിഡികള്‍ പതിറ്റാണ്ടുകളായി നിലനിന്ന ചൈനയുടെ ബൃഹത്തായ സബ്സിഡി നയങ്ങളുമായി പൊരുത്തപ്പെടുന്നില്ല.

സോളാര്‍ പാനലുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ, ചൈനയുടെ ആധിപത്യം രാജ്യത്തിന്റെ പിന്തുണയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമീപനം ചൈനീസ് സ്ഥാപനങ്ങളെ നിരവധി വിദേശ എതിരാളികളെ മറികടക്കാന്‍ സഹായിച്ചു, ചിലപ്പോള്‍ മറ്റ് രാജ്യങ്ങളിലെ മുഴുവന്‍ വ്യവസായങ്ങളെയും നശിപ്പിച്ചു. ചൈനയുടെ സബ്സിഡി നയങ്ങളുടെ കൊള്ളയടിക്കുന്ന വശമില്ലാതെയും ചെറിയ തോതിലും വ്യക്തമായ സംരക്ഷണവലയങ്ങളോടെയും ഇപ്പോള്‍ ഇന്ത്യ സമാനമായ ഒരു തന്ത്രം പരീക്ഷിക്കുകയാണ്.

അതേസമയം ചൈനയുടെ പരാതി മന്ത്രാലയം പരിശോധിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. തുര്‍ക്കി, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്കെതിരെയും ചൈന സമാനമായ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ നിയമങ്ങള്‍ അനുസരിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആദ്യ നടപടിയായാണ് ഈ ചര്‍ച്ചകളെ പരിഗണിക്കുന്നത്. ഇതില്‍ തൃപ്തികരമായ പരിഹാരമുണ്ടായില്ലെങ്കില്‍ ഈ വിഷയത്തില്‍ വിധി പറയുന്നതിന് ഒരു പാനല്‍ രൂപീകരിക്കാന്‍ ഡബ്ല്യുടിഒയോട് ആവശ്യപ്പെടാം.

അതേസമയം ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 14.4 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതില്‍ 11.52 ശതമാനത്തിന്റെ കുതിപ്പാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.