അഴിമതി ആരോപിച്ച് ഒന്‍പത് സൈനിക ഉദ്യോഗസ്ഥരെ ചൈന പുറത്താക്കി

അഴിമതി ആരോപിച്ച് ഒന്‍പത് സൈനിക ഉദ്യോഗസ്ഥരെ ചൈന പുറത്താക്കി


ബീജിംഗ്: അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി  ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനയുടെ നടപടി. ചൈനീസ് സൈന്യത്തിലെ രണ്ടാം ഉയര്‍ന്ന റാങ്കിലുള്ള കമാന്ററും പുറത്താക്കിയവരില്‍ ഉള്‍പ്പടുന്നുണ്ട്. 

പുറത്താക്കപ്പെട്ടവരില്‍ പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ വിശ്വസ്തരും ഉള്‍പ്പെടുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉയര്‍ന്ന സൈനിക തീരുമാനമെടുക്കുന്ന സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ വൈസ് ചെയര്‍മാനായിരുന്ന ഹീ വീഡോങും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. പൊളിറ്റ് ബ്യൂറോ അംഗം കൂടിയാണ് അദ്ദേഹം. 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തന വകുപ്പിന്റെ ഡയറക്ടര്‍ മിയാവോ ഹുവ,  സി എം സിയുടെ രാഷ്ട്രീയ പ്രവര്‍ത്തന വകുപ്പിന്റെ എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹീ ഹോങ്ജുന്‍, സിഎംസിയുടെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടര്‍ വാങ് സിയുബിന്‍, ആര്‍മിയുടെ പൊളിറ്റിക്കല്‍ കമ്മീഷണര്‍ ക്വിന്‍ ഷുട്ടോങ്, നേവിയുടെ പൊളിറ്റിക്കല്‍ കമ്മീഷണര്‍ യുവാന്‍ ഹുവാഷി, ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡര്‍ ലിന്‍ സിയാങ്യാങ്, റോക്കറ്റ് ഫോഴ്സ് കമാന്‍ഡര്‍ വാങ് ഹൂബിന്‍, സായുധ പോലീസ് ഫോഴ്സ് കമാന്‍ഡര്‍ വാങ് ചുന്നിംഗ് എ്ന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവര്‍. 

ചൈനയുടെ സാമ്പത്തിക വികസന പദ്ധതി ചര്‍ച്ച ചെയ്യുന്നതിനും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സെന്‍ട്രല്‍ കമ്മിറ്റി ചേരുന്നതിനു മുന്‍പാണ് നടപടി സ്വീകരിച്ചത്. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.