പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ സജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് (53) പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗര്‍ സ്വദേശിയാണ് ചെന്താമര. ഇരട്ട ജീവപര്യന്തത്തിനു പുറമെ മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ഇയാള്‍ക്ക് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവും വിധിച്ചു.
പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത് പരമാവധി ശിക്ഷയാണ്. പ്രതി സാക്ഷികള്‍ക്ക് ഭീഷണിയാണെന്നും, ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും അതിനാല്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് നല്‍കിയത് പോലെ മരണം വരെ തടവുശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രതിഭാഗം വാദിച്ചത് ഇതൊരു അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലെന്നും ചെന്താമരയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമോ മദ്യപാന ശീലമോ ഇല്ലെന്നുമായിരുന്നു.
അതിക്രമിച്ചു കടക്കല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി. ആറു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സജിത കൊലക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ ചെന്താമര പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചേക്കും.
2019 ഓഗസ്റ്റ് 31-നാണ് അയല്‍വാസിയായ 35 വയസ്സുള്ള സജിതയെ ചെന്താമര വീട്ടില്‍ കയറി വെട്ടിക്കൊന്നത്. സജിത കൊലക്കേസില്‍ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് നെന്മാറ ഇരട്ടക്കൊലപാതകം നടത്തിയത്. ഇത് കേരളത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വാളുമായി നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയ ചെന്താമര വിശപ്പ് കാരണം രണ്ട് ദിവസത്തിന് ശേഷം മലയിറങ്ങി വന്നപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് ജീവപര്യന്തം
