ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; ആശങ്കവേണ്ടെന്ന് അധികൃതര്‍

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; ആശങ്കവേണ്ടെന്ന് അധികൃതര്‍


ഇടുക്കി: ഇടുക്കി ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും നീരൊഴുക്കിനെയും തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. 
വൃഷ്ടി പ്രദേശത്തെ തുടര്‍ച്ചയായ മഴ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയതിനാല്‍  ഷട്ടര്‍ ഏതു നിമിഷവും തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്പില്‍വേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. ഡാമിന്റെ ആര്‍ വണ്‍ ടു ആര്‍ ത്രീ എന്നീ ഷട്ടറുകള്‍ 75 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി ശക്തമായ മഴയാണ് ലഭിച്ചത്.
ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഷട്ടറുകള്‍ തുറക്കുമെന്ന് അറയിച്ചിരുന്നെങ്കിലും ഒന്‍പത് മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. രാവിലെ എട്ടു മണിക്കത്തെ കണക്കുകള്‍ പ്രകാരം ജലനിരപ്പ് 138.25 അടിയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ റൂള്‍ കര്‍വ് പിന്നിട്ടിരുന്നു.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങില്‍ വെള്ളിയാഴ്ച രാത്രി അതിശക്തമായ മഴ പെയ്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഇതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള തീരുമാനത്തിലേക്ക് തമിഴ്‌നാട് എത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് അറിയിക്കുകയും ചെയ്തു. അണക്കെട്ടിലെ ജലനിരപ്പ് നോക്കി ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ടെങ്കിലും പെരിയാര്‍ നദിയില്‍ ജലനിരപ്പ് കുറവായതിനാലാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി കല്ലാര്‍ അണക്കെട്ടും തുറന്നു. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. കുമളി, വണ്ടിപ്പെരിയാര്‍ എന്നിവടങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. വീടുകളിലും കടകളിലും മറ്റ് വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കോട്ടയം ജില്ലയോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പിണ്ണാക്കനാട് എന്നിവടങ്ങളില്‍ വെള്ളം കയറി.

ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. അതേസമയം, ഇന്ന് രാവിലെയോടെ മഴയില്‍ കുറവുണ്ട്. വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം (5-15mm/hr) മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്‌