ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്ക് ഏറെ ബഹുമതി നൽകുന്ന ഡ്യൂക്ക് ഓഫ് യോർക്ക് എന്ന സ്ഥാനപ്പേര് ഉപേക്ഷിക്കുകയാണെന്ന്
ആൻഡ്രൂ രാജകുമാരൻ. ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ്
രാജകുമാരൻ്റെ തീരുമാനം വ്യക്തമാക്കിയിരിക്കുന്നതെന്ന് ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കിംഗ് ചാൾസുമായും മറ്റ് കുടുംബാംഗങ്ങളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ആൻഡ്രൂ പ്രസ്താവനയിൽ അറിയിച്ചു.
എന്നെക്കുറിച്ചുള്ള തുടർച്ചയായ ആരോപണങ്ങൾ രാജാവിന്റെയും രാജകുടുംബത്തിന്റെയും പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു എന്ന നിഗമനത്തിൽ നിന്നാണ് ഈ തീരുമാനം. എപ്പോഴും ചെയ്യുന്നത് പോലെ എന്റെ കർത്തവ്യത്തെ എന്റെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി ഞാൻ ഒന്നാമത് വെക്കുന്നു. അഞ്ച് വർഷം മുമ്പ് പൊതുജീവിതത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള എന്റെ തീരുമാനത്തിലും ഞാൻ ഉറച്ചുനിൽക്കുന്നു. എന്റെ സ്ഥാനപ്പേരുകളോ എനിക്ക് ലഭിച്ച ബഹുമതികളോ ഇനി ഉപയോഗിക്കില്ല , പ്രസ്താവനയിൽ ആൻഡ്രൂ രാജകുമാരൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തിയായി നിഷേധിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.
ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ച പദവികളും നിലനിർത്തുന്ന പദവിയെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കി. ഡ്യൂക്ക് ഓഫ് യോർക്ക്, നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ വിക്ടോറിയൻ ഓർഡർ, റോയൽ നൈറ്റ് കമ്പാനിയൻ ഓഫ് ദ മോസ്റ്റ് നോബിൾ ഓർഡർ ഓഫ് ദ ഗാർട്ടർ എന്നീ പദവികളാണ് പ്രിൻസ് ആൻഡ്രൂ ഉപേക്ഷിക്കുന്നത്.
ഇവയെല്ലാം ഉപേക്ഷിക്കുമ്പോഴും, പ്രിൻസ് എന്ന പദവി അദ്ദേഹത്തിന് നിലനിർത്താൻ കഴിയും. കാരണം, രാജ്ഞിയുടെ മകനായി ജനിച്ചതിനാൽ ഈ പദവി പാർലമെന്റ് നിയമത്തിലൂടെ അല്ലാതെ നീക്കം ചെയ്യാൻ കഴിയില്ല. നിലവിൽ സൈനിക പദവികളും ബഹുമതിയും ഉപയോഗിക്കുന്നതിൽ നിന്ന് ആൻഡ്രൂവിനെ വിലക്കിയിട്ടുണ്ട്.
വിഷയത്തിൽ ബ്രിട്ടീഷ് രാജകുടുംബവും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആൻഡ്രൂവിന്റെ വ്യക്തിപരമായ വിഷയങ്ങൾ രാജകുടുംബത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി തടസ്സമുണ്ടാക്കുന്നു എന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്ന് രാജകുടുംബം അറിയിച്ചു. സഹോദരൻ കിംഗ് ചാൾസുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ഇതിൽ രാജാവിന് സന്തോഷമുണ്ടെന്നാണ് വിവരം. പ്രിൻസ് ഓഫ് വെയിൽസുമായും മറ്റ് കുടുംബാംഗങ്ങളുമായും കൂടിയാലോചനകൾ നടന്നിരുന്നു.
ലൈംഗികാപവാദക്കേസിൽ ആരോപണവിധേയനായതിന് പിന്നാലെ 2022ൽ പരമോന്നത നഗരബഹുമതിയായി 1987 ൽ സമ്മാനിച്ച ‘ഫ്രീഡം ഓഫ് ദ് സിറ്റി’ റദ്ദാക്കി പ്രിൻസ് ആൻഡ്രൂവിന് റദ്ദാക്കിയിരുന്നു.