കനത്ത മഴയില്‍ ഇടുക്കി മുങ്ങുന്നു ; ടൗണുകള്‍ വെള്ളത്തിനടയിലായി, മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കും

കനത്ത മഴയില്‍ ഇടുക്കി മുങ്ങുന്നു ; ടൗണുകള്‍ വെള്ളത്തിനടയിലായി, മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കും


കട്ടപ്പന: രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ ഇടുക്കി മുങ്ങുന്നു.നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ടൗണുകള്‍ വെള്ളത്തിനടിയിലായി. കുമളിയില്‍ വിടുകള്‍ മുങ്ങിയതോടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
നെടുങ്കണ്ടം തൂക്കുപാലം മേഖലയില്‍ സ്‌കൂട്ടറുകളും കാറഉ അടക്കം വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. കുമളിയില്‍ തോട് കരകവില്‍ ഒഴുകിയതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെയാണ് പ്രദേശത്ത് മാറ്റിപ്പാര്‍പ്പിച്ചത്.
അതേസമയം, വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് പരമാവധിയില്‍ എത്തുന്നതോടെ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 8.00 മണിയോടെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. പരമാവധി 5,000 ക്യുസെക്‌സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടേക്കും. പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ മുന്ന് മണിക്ക് ഡാമിലെ ജലനിരപ്പ് 136.00 അടിയില്‍ എത്തി. നിലവില്‍ ജലനിരപ്പ് 137.8 അടി പിന്നിട്ട സാഹചര്യത്തിലാണ് മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 5,000 ക്യൂസെക്‌സ് വരെ ജലം അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചത്. ജല നിരപ്പ് ക്രമീകരിക്കുന്നതിനുള്ള ആവശ്യമായ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ഡൈവേര്‍ഷന്‍ അണക്കെട്ടായ കല്ലാര്‍ ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ഡാമിലെ ജലനിരപ്പ് 824.5 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി. നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ തുറന്ന് 160 ക്യൂമെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്.