വാഷിംഗ്ടണ്‍ : ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒപ്പം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഹംഗറിയെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു.
'ഇന്ത്യ ഇനി റഷ്യന്‍ എണ്ണ വാങ്ങില്ല. ഹംഗറി ഒരുതരം കുരുക്കിലാണ്, അവര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് ട്രംപ് പറഞ്ഞു. 'കാരണം അവര്‍ക്ക് ഒരു പൈപ്പ്‌ലൈന്‍ മാത്രമേയുള്ളൂ. അവര്‍ ഉള്‍പ്രദേശത്താണ്. അവര്‍ക്ക് കടലില്ല. പക്ഷെ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ല,' ട്രംപ് പ്രസ്താവിച്ചു.
വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ട്രംപ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് ആവര്‍ത്തിച്ചത്. 'ഇന്ത്യ ഇനി റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഇതേ പ്രസ്താവന കഴിഞ്ഞ ദിവസം ട്രംപ് നടത്തിയപ്പോള്‍ അതിനെ തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. ട്രംപ് അവകാശപ്പെട്ടതു പോലെ ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്രംപും തമ്മില്‍ അടുത്തിടെ ടെലിഫോണ്‍ സംഭാഷണം നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
'ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് എനിക്ക് സന്തോഷം നല്‍കിയിരുന്നില്ല. അവര്‍ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ന് അദ്ദേഹം (പ്രധാനമന്ത്രി മോഡി ) ഉറപ്പുനല്‍കി. അതൊരു വലിയ ചുവടുവയ്പാണ്. ഇപ്പോള്‍ ചൈനയെയും ഇത് ചെയ്യാന്‍ പ്രേരിപ്പിക്കണം,' ഇതായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. താന്‍ മോഡിയുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന സൂചനയോടെയായിരുന്നു ട്രംപിന്റെ വാക്കുകള്‍.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുഎസ് റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷവും ഇന്ത്യ മോസ്‌കോയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവനകള്‍ വരുന്നത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും റഷ്യയുമായി ഊര്‍ജ്ജ വ്യാപാരം തുടരുന്നത് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ചൈനയും ഊര്‍ജ്ജവ്യാപാരം നിര്‍ബാധം തുടരുന്നുണ്ട്. ദേശീയ താല്‍പ്പര്യവും ഊര്‍ജ്ജ സുരക്ഷാ പരിഗണനകളും പരിഗണിച്ചാണ് എന്തെല്ലാം എവിടെ നിന്നെല്ലാം വാങ്ങണമെന്ന് തീരുമാനിക്കുന്നതെന്ന് ഇന്ത്യ പറയുന്നു.
'പ്രധാനമന്ത്രി മോഡിയും പ്രസിഡന്റ് ട്രംപും തമ്മില്‍ സംഭാഷണമോ ടെലിഫോണ്‍ വിളിയോ ഉണ്ടായിട്ടില്ല. ഇരു നേതാക്കള്‍ക്കിടയില്‍ സംഭാഷണം നടന്നതായി എനിക്കറിയില്ല.' ട്രംപിന്റെ പ്രസ്താവനകളെക്കുറിച്ച് ചോദ്യങ്ങള്‍ക്ക് മറുപടിയായി, വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെയാണ്.
ഇരു നേതാക്കള്‍ക്കുമിടയിലുള്ള അവസാന ഔദ്യോഗിക ആശയവിനിമയം ഒക്ടോബര്‍ 9നാണ് നടന്നതെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. അന്ന് പ്രധാനമന്ത്രി മോഡി ട്രംപിനെ ഗാസ സമാധാന പദ്ധതിയുടെ വിജയത്തില്‍ അഭിനന്ദിച്ചതായും ജയ്‌സ്വാള്‍ വ്യകതമാക്കി.
'ഒക്ടോബര്‍ 9നാണ് ടെലിഫോണ്‍ വിളി നടന്നത്, അന്ന് പ്രധാനമന്ത്രി ഗാസ സമാധാന പദ്ധതിയുടെ വിജയത്തില്‍ പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ചു. അവര്‍ വ്യാപാര ചര്‍ച്ചകളുടെ പുരോഗതിയും വിലയിരുത്തുകയും ബന്ധം തുടരാന്‍ തീരുമാനിക്കുകയും ചെയ്തു,' ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.