പന്നൂണിന്റെ വിഘടനവാദ സംഘടനയായ എസ്എഫ്ജെയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കുകൂടി നീട്ടി

പന്നൂണിന്റെ വിഘടനവാദ സംഘടനയായ എസ്എഫ്ജെയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കുകൂടി നീട്ടി


ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം 2019 ലാണ് കേന്ദ്രം  സിഖ്സ് ഫോര്‍ ജസ്റ്റിസിന് നിരോധനം ഏര്‍പ്പെടുത്തിയത്.

സിഖുകാര്‍ക്കുള്ള റഫറണ്ടം എന്ന് വിളിക്കപ്പെടുന്ന വേഷത്തില്‍, എസ്എഫ്ജെ യഥാര്‍ത്ഥത്തില്‍ പഞ്ചാബില്‍ വിഘടനവാദവും തീവ്രവാദ പ്രത്യയശാസ്ത്രവുമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതേസമയം വിദേശ മണ്ണിലെ സുരക്ഷിത താവളങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുകയും മറ്റ് ശത്രു ശക്തികളുടെ സജീവ പിന്തുണ ഇവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഖലിസ്ഥാന്‍ അനുകൂല സംഘടനയായി വിലയിരുത്തപ്പെടുന്ന എസ്എഫ്‌ജെയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ 2019 ല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്

യുഎസ് കേന്ദ്രീകരിച്ച് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നഷകിയിരുന്ന ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനാണ് 2007-ല്‍ എസ് എഫ് ജെ സ്ഥാപിച്ചത്.  അതിന്റെ വെബ്സൈറ്റ് അനുസരിച്ച്, 'ഇന്ത്യ പിടിച്ചടക്കിയ പഞ്ചാബില്‍' 'സിഖ് ജനതയ്ക്ക് അവരുടെ ചരിത്രപരമായ മാതൃരാജ്യത്ത് സ്വയം നിര്‍ണ്ണയാവകാശം' നേടാനും ' ഖലിസ്ഥാന്‍ എന്നറിയപ്പെടുന്ന ഒരു പരമാധികാര രാഷ്ട്രം സ്ഥാപിക്കാനും' ആണ് എസ് എഫ് ജെ  ലക്ഷ്യമിടുന്നത്.