മോഡിയുടെ വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസിന്റെ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മോഡിയുടെ വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസിന്റെ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോഡിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബന്‍സ്വാര ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 

മോദിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്‍കണം. പ്രസംഗവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പര്‍, ചാനല്‍ ക്ലിപ്പുകള്‍ എന്നിവ ചൊവ്വാഴ്ച്ച ദിവസം തന്നെ ഹാജരാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. 

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോഡിയുടെ പരാമര്‍ശം. 'രാജ്യത്തെ ശമ്പളക്കാരുടേതടക്കം സ്വത്തിന്റെ കണക്കെടുക്കുകയാണ് കോണ്‍ഗ്രസ്. അത് വീതിച്ചു നല്‍കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആര്‍ക്കായിരിക്കും അതു നല്‍കുക? രാജ്യത്തെ വികസനത്തിന്റെ ആദ്യ നേട്ടം ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് ലഭിക്കണമെന്നാണു പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് പറഞ്ഞത്. അതുപ്രകാരം സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും വീതിച്ചു നല്‍കും. നമ്മുടെ അമ്മമാരുടെയും നല്‍കുമെന്നും മോഡി പറഞ്ഞു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും താലിയും വരെ നഷ്ടമാകും''- മോഡി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സി പി എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് തുടങ്ങിയവര്‍ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. രാജ്യചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ് മോഡിയോളം താഴ്ത്തിയിട്ടില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ എവിടെയെങ്കിലും ഹിന്ദു, മുസ്ലിം എന്നിങ്ങനെ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരണമെന്ന് പവന്‍ ഖേര വെല്ലുവിളിച്ചു. സുപ്രിം കോടതിയും തെരഞ്ഞെടുപ്പു കമ്മിഷനും നടപടിയെടുക്കണമെന്ന് സി പി എം ആവശ്യപ്പെട്ടു.