പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ ഡി എ പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാനത്ത് ഒരു കോടി സര്‍ക്കാര്‍ ജോലികളും വര്‍ഷം ഒരു ലക്ഷം രൂപ വരുമാനമുള്ള ഒരു കോടി 'ലക്ഷ്പതി ദിദിമാരേയും' സൃഷ്ടിക്കുമെന്നാണ് വാഗ്ദാനത്തില്‍ പറയുന്നത്.
'സങ്കല്‍പ് പത്ര' എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രിക ബിഹാറിന്റെ വികസന ദിശയും ദര്‍ശനവും പ്രതിപാദിക്കുന്നു. അടിസ്ഥാനസൗകര്യ വികസനം, തൊഴില്‍സാധ്യത, വിദ്യാഭ്യാസം, ക്ഷേമ പദ്ധതികള്‍ എന്നിവയാണ് പ്രധാന മുന്‍ഗണനകള്‍. ''സമഗ്ര പുരോഗതിയും നല്ല ഭരണവും'' ഉറപ്പുവരുത്താമെന്ന വാഗ്ദാനത്തോടെയാണ് പ്രകടന പത്രിക പുറത്തിറക്കിയതെന്ന് സഖ്യം വ്യക്തമാക്കി.
വളരെ പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം അത്യന്തം പ്രധാനമാണെന്നും ഇവര്‍ക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്നും വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരു ഉന്നതതല കമ്മിറ്റിയെ രൂപീകരിക്കുമെന്നും ഉപമുഖ്യമന്ത്രി സമ്രാട് ചൗധരി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളിലെ വിവിധ സമൂഹങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥ വിലയിരുത്തി അവരെ ഉയര്‍ത്താന്‍ ശിപാര്‍ശ നല്‍കും.
നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച (സെക്യുലര്‍) സ്ഥാപകന്‍ ജിതന്‍ രാം മാഞ്ചി, ലോക് ജനശക്തി പാര്‍ട്ടി (റാംവിലാസ്) അധ്യക്ഷന്‍ ചിറാഗ് പാസ്വാന്‍, രാഷ്ട്രിയ ലോക് മോര്‍ച്ച നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. ജെ ഡി (യു) വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഡോ. ദിലീപ് ജൈസ്വാല്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വര്‍ഷംതോറും വലിയ തോതില്‍ തൊഴിലാളികള്‍ പുറത്തേക്കു കുടിയേറുന്ന ബിഹാറില്‍ ഭരണത്തിലേറുകയാണെങ്കില്‍ സംസ്ഥാനത്തെ ഓരോ യുവാവിനും നൈപുണ്യാധിഷ്ഠിത തൊഴില്‍ ഉറപ്പാക്കാന്‍ സമഗ്രമായ 'സ്‌കില്‍ സെന്‍സസ്' നടത്തുമെന്ന് സഖ്യം അറിയിച്ചു. ഓരോ ജില്ലയിലും മെഗാ ട്രെയിനിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ബിഹാറിനെ ആഗോള നൈപുണ്യകേന്ദ്രമാക്കുമെന്നതാണ് ലക്ഷ്യം. ഇതോടൊപ്പം ബിഹാര്‍ സ്‌പോര്‍ട്‌സ് സിറ്റിയിലെയും മറ്റു മേഖലകളിലെയും സ്‌പോര്‍ട്‌സ് സെന്ററുകളും സ്ഥാപിക്കും.
അധുനികതയിലേക്കുള്ള ദിശയില്‍ ഏഴ് പുതിയ എക്‌സ്പ്രസ്സ് ഹൈവേകളും 3,600 കിലോമീറ്റര്‍ റെയില്‍ പാതകളും നവീകരിക്കുന്നതടക്കമുള്ള വിപുലമായ പദ്ധതികളാണ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പറ്റ്‌ന, ദര്‍ഭംഗ, പൂര്‍ണിയ, ഭാഗല്‍പൂര്‍ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വികസിപ്പിക്കുമെന്നും നാല് നഗരങ്ങളില്‍ മെട്രോ റെയില്‍ ശൃംഖല ആരംഭിക്കുമെന്നും അറിയിച്ചു. പത്ത് പുതിയ നഗരങ്ങളിലേക്ക് വ്യോമഗതാഗത ബന്ധവും ഉറപ്പാക്കും. ഓരോ ജില്ലയിലും 10 പുതിയ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, 100 എം എസ് എം ഇ പാര്‍ക്കുകള്‍, 50,000ലധികം ചെറിയ വ്യവസായങ്ങള്‍ തുടങ്ങി വ്യവസായവികസന പദ്ധതികളും പ്രഖ്യാപിച്ചു.
എല്ലാ വിളകള്‍ക്കും എം എസ് പി ഉറപ്പാക്കും, കര്‍ഷക സമ്പദ് നിധി (കിസാന്‍ സമ്മാന്‍ നിധി) 6,000ല്‍ നിന്ന് 10,000 ആയി വര്‍ധിപ്പിക്കും, മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സഹായം 4,500ല്‍ നിന്ന് 9,000 ആക്കും, ബിഹാറിന്റെ കാര്‍ഷിക അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താന്‍ 1 ലക്ഷം കോടി രൂപ നിക്ഷേപിക്കും എന്നിവയാണ് കാര്‍ഷിക മേഖലയിലെ വാഗ്ദാനങ്ങള്‍.
സംസ്ഥാനത്ത് 'എഡ്യൂക്കേഷന്‍ സിറ്റി' സ്ഥാപിക്കുമെന്നും പ്രമുഖ ആഗോള സര്‍വകലാശാലകളുടെ ക്യാംപസുകള്‍ ബിഹാറില്‍ കൊണ്ടുവരുമെന്നും എന്‍ ഡി എ പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്ക കുടുംബങ്ങള്‍ക്ക് കെ ജി മുതല്‍ പി ജി വരെയുള്ള വിദ്യാഭ്യാസം സൗജന്യവും നിലവാരമുള്ളതുമാക്കുമെന്നും ഉച്ചഭക്ഷണത്തിനൊപ്പം പോഷക പ്രഭാതഭക്ഷണവും സ്‌കൂളുകളില്‍ നല്‍കുമെന്നും വാഗ്ദാനം ചെയ്തു.

