മാലി തലസ്ഥാനത്തേക്ക് അല്‍ഖായിദ മുന്നേറുന്നു

മാലി തലസ്ഥാനത്തേക്ക് അല്‍ഖായിദ മുന്നേറുന്നു


ബമാക്കോ: അല്‍ഖായിദയുമായി ബന്ധമുള്ള ഭീകരസംഘടനകൾ മാലി റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബമാക്കോ പിടിച്ചടക്കാനുള്ള അവസാനഘട്ടത്തിലെന്ന് റിപ്പോർട്ട്. ഏജന്‍സികളുടെ മുന്നറിയിപ്പ് പ്രകാരം ഈ നീക്കം വിജയിച്ചാൽ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച അല്‍ഖായിദയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആദ്യ രാജ്യം മാലിയാകും.

ആഫ്രിക്കയില്‍ അൽഖായിദ സംഘടനകളുടെ വേഗത്തിലുള്ള മുന്നേറ്റം അഫ്ഗാനിസ്ഥാനും സിറിയയുമായുള്ള അവരുടെ മുൻ വിജയങ്ങളെ ഓർമിപ്പിക്കുന്നതാണ്. എന്നാല്‍ ബമാക്കോ വീണാല്‍ അല്‍ഖായിദയുമായി നേരിട്ടും സജീവമായും ബന്ധമുള്ള ഭീകരസംഘടന ഒരു രാജ്യത്തിന്റെ നിയന്ത്രണം പിടിക്കുന്നതു ആദ്യമായിരിക്കും.

സുരക്ഷാ വിദഗ്ധര്‍ പറയുന്നത് പ്രകാരം, മാലിയുടെ തലസ്ഥാനത്തെ നേരിട്ട് ആക്രമിക്കുന്നതിന് മുമ്പ് ഭീകരര്‍ കുറച്ചു കാലം കാത്തിരിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ അവർ ഭക്ഷണവും ഇന്ധനവുമുള്ള ഗതാഗത പാതകള്‍ തടഞ്ഞ് തലസ്ഥാനത്തെ ഉപരോധിച്ച് വെയ്ക്കുകയാണെന്ന് പ്രാദേശികവും യൂറോപ്യന്‍ ഉദ്യോഗസ്ഥരും അറിയിച്ചു. ഇതിനകം തന്നെ ഇന്ധനക്ഷാമം മാലി സൈന്യത്തിന്റെ പ്രതിരോധശേഷിയെ ബാധിച്ചിട്ടുണ്ട്. 

ജമാഅത്ത് നുസ്‌റത്ത് അല്‍ ഇസ്‌ലാം വല്‍ മുസ്‌ലിമീന്‍ (ജെ എൻ ഐ എം) എന്ന സംഘടനയാണ് ഈ നീക്കത്തിന് നേതൃത്വം നല്‍കുന്നത്. നേരിട്ടുള്ള യുദ്ധത്തിനു പകരം ക്രമേണ നഗരത്തെ പിടിച്ചടക്കുകയാണ് ലക്ഷ്യമെന്നു യൂറോപ്യൻ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നു. ഉപരോധം നീണ്ടുനില്‍ക്കുന്നത് ബമാക്കോയെ  തകര്‍ച്ചയിലേക്ക് എത്തിക്കുമെന്നാണ്  ഫിലാഡല്‍ഫിയയിലെ ഫോറിൻ പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ റാഫേല്‍ പരൻസ് മുന്നറിയിപ്പ് നല്‍കുന്ന

ത്.

2017-ല്‍ അല്‍ഖായിദയുമായി ബന്ധമുള്ള നിരവധി വിഭാഗങ്ങള്‍ ലയിച്ചാണ് ജെ എൻ ഐ എം രൂപംകൊണ്ടത്. സംഘടനയുടെ പ്രധാന നേതൃത്വത്തില്‍നിന്ന് ബോംബ് നിര്‍മാണവും ആശയപരമായ പരിശീലനവും ഇവര്‍ക്ക് ലഭിക്കുന്നതായി പാശ്ചാത്യ, ആഫ്രിക്കന്‍ അധികൃതര്‍ സ്ഥിരീകരിക്കുന്നു.


ചൊവ്വാഴ്ച ബമാക്കോയിലേക്ക് ഇന്ധനം എത്തിച്ചിരുന്ന പത്തോളം ടാങ്കര്‍ ലോറികളെയാണ് ഭീകരവാദികൾ ആക്രമിച്ചത്. ആദ്യ വാഹനം കത്തിച്ച ശേഷം ശേഷിക്കുന്നതെല്ലാം പിടിച്ചെടുത്തതായി ഭീകരര്‍ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളും പാശ്ചാത്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ച വിവരങ്ങളും വ്യക്തമാക്കുന്നു.


ഇന്ധനക്കുറവാണ് ഇപ്പോൾ സംഘര്‍ഷത്തിന്റെ മുഖ്യപ്രശ്നമായി മാറിയിരിക്കുന്നത്. ബമാക്കോയിലെ പെട്രോള്‍ വില മൂന്നിരട്ടിയായി ഉയർന്നതായി നാട്ടുകാരനായ ഇബ്രാഹിം സിസെ പറഞ്ഞു. ഇതേ തുടർന്ന് സര്‍ക്കാര്‍ രണ്ട് ആഴ്ചത്തേക്ക് സ്കൂളുകളും സര്‍വകലാശാലകളും അടച്ചിടുകയും ചില വൈദ്യുതി നിലയങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.


കഴിഞ്ഞ ആഴ്ച മാലി പ്രധാനമന്ത്രി അബ്ദുലായെ മായ്ഗ ഉറച്ച നിലപാട് അറിയിച്ചിരുന്നു. നടക്കേണ്ടി വന്നാലും സ്പൂണിലൂടെ ഇന്ധനം എടുക്കേണ്ടി വന്നാലും ഞങ്ങള്‍ അത് കണ്ടെത്തും  എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.


നൈജര്‍, ബുര്‍ക്കിനാ ഫാസോ, മാലി എന്നിവിടങ്ങളില്‍ അല്‍ഖായിദയും ഇസ്ലാമിക് സ്റ്റേറ്റും വ്യാപകമായ ഭീകരപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 

ഗിനിയ തീരപ്രദേശങ്ങളായ ബെനിന്‍, ഐവറി കോസ്റ്റ്, ടോഗോ, ഘാന എന്നിവിടങ്ങളിലേക്കും ഇവരുടെ സ്വാധീനം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.