വാഷിംഗ്ടണ്‍: ഭാര്യ ഉഷ വാന്‍സിന്റെ മതത്തെ കുറിച്ച് നല്‍കിയ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളുണ്ടായതോടെ മറുപടിയായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഭാര്യ ഹിന്ദു മതവിശ്വാസിയാണെന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറാനുള്ള യാതൊരു പദ്ധതിയും ഇല്ലെന്നും വാന്‍സ് വ്യക്തമാക്കി.
തന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ചാണ് ചിലര്‍ അവതരിപ്പിച്ചതെന്നും അതിനോടുള്ള പ്രതികരണം വെറുപ്പുളവാക്കുന്നതും ക്രിസ്ത്യന്‍ വിരുദ്ധമാണെന്നും വാന്‍സ് തന്റെ എക്‌സില്‍ കുറിച്ചു.
തന്റെ ഭാര്യയുടെ മതത്തെ അവമതിച്ചെന്ന ആരോപണം അസംബന്ധമാണെന്നും അതൊരു ദുഷ്ടബുദ്ധിയുള്ള വിമര്‍ശനമാണെന്നും അദ്ദേഹം എഴുതി.
പൊതുപ്രവര്‍ത്തകനായ തന്റെ ഇന്റര്‍ഫെയ്ത് വിവാഹത്തെ കുറിച്ച് ചോദിച്ച വ്യക്തിക്ക് താന്‍ മറുപടി നല്‍കുകയായിരുന്നുവെന്നും അതില്‍ നിന്നും മാറി നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭാര്യ ക്രിസ്ത്യാനിയല്ലെന്നും മതം മാറാനുള്ള യാതൊരു പദ്ധതിയും ഉഷയ്ക്കില്ലെന്നും എന്നാല്‍, ഏതൊരു ഇന്റര്‍ഫെയ്ത് ബന്ധത്തിലും പോലെ, ഒരുദിവസം അവള്‍ക്കും തന്റെ വിശ്വാസത്തിന്റെ അര്‍ഥം മനസ്സിലാകുമെന്ന പ്രതീക്ഷ തനിക്ക് ഉണ്ടെന്നും വാന്‍സ് തന്റെ പോസ്റ്റില്‍ കുറിച്ചു.
അതെന്തായാലും, അവളെ താന്‍ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും വിശ്വാസത്തെയും ജീവിതത്തെയും കുറിച്ച് തുടര്‍ന്നും സംസാരിക്കുമെന്നും കാരണം അവള്‍ തന്റെ ഭാര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിസിസിപ്പി സര്‍വകലാശാലയില്‍ നടന്ന ടേര്‍ണിംഗ് പോയിന്റ് യുഎസ്എ പരിപാടിയിലാണ് വാന്‍സ് ആദ്യം ഈ പ്രസ്താവന നടത്തിയത്. മിക്ക ഞായറാഴ്ചകളിലും ഉഷ തന്നോടൊപ്പം ചര്‍ച്ചില്‍ പങ്കെടുക്കാറുണ്ടെന്നും അവള്‍ക്കും ഒരുദിവസം ചര്‍ച്ച് എന്നെ ആകര്‍ഷിച്ചതുപോലെ തന്നെ ആകര്‍ഷണമുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും വാന്‍സ് അന്ന് പറഞ്ഞിരുന്നു.
പരിപാടിക്കിടെ ഒരാള്‍ ഉഷ 'ക്രിസ്തുവിനെ സ്വീകരിക്കുമോ' എന്ന് ചോദിച്ചതിനോട് വാന്‍സ് പ്രതികരിച്ചത്, 'വിശ്വാസം ഏറെ വ്യക്തിപരമാണ്. മതവിഭേദങ്ങള്‍ ഞങ്ങളുടെ ബന്ധത്തില്‍ ഒരിക്കലും സംഘര്‍ഷം സൃഷ്ടിച്ചിട്ടില്ല,'' എന്നായിരുന്നു.
'അവള്‍ക്ക് അത് ആവശ്യമില്ലെങ്കിലും ദൈവം എല്ലാവര്‍ക്കും സ്വതന്ത്ര ഇച്ഛാശക്തി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അത് എനിക്ക് ഒരു പ്രശ്‌നമല്ല,' എന്നും അദ്ദേഹം പറഞ്ഞു.
തന്റെ മതവിശ്വാസത്തിലേക്ക് തിരിച്ചെത്താന്‍ പ്രചോദനം നല്‍കിയതും ഭാര്യയായ ഉഷയാണെന്ന് വാന്‍സ് വ്യക്തമാക്കി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ഭാര്യയെന്നും വര്‍ഷങ്ങള്‍ മുമ്പ് വിശ്വാസത്തിലേക്ക് തിരിച്ചെത്താന്‍ തന്നെ അവരാണ് പ്രചോദിപ്പിച്ചതെന്നും വാന്‍സ് പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്ക് വിശ്വാസമുണ്ടെന്നും ആ വിശ്വാസം മറ്റുള്ളവരുമായി പങ്കിടാനുള്ള ആഗ്രഹം ഉള്‍ക്കൊള്ളുന്ന ഒന്നാണ് അതെന്നും അതില്‍ അസാധാരണമായതൊന്നുമില്ലെന്നും പറഞ്ഞ് വാന്‍സ് തന്റെ പ്രസ്താവന അവസാനിപ്പിച്ചു.
