വാഷിംഗ്ടണ്‍: ഏഷ്യന്‍ നയതന്ത്ര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അടച്ചിടല്‍ (shutdown) പ്രതിസന്ധിയില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത് രാഷ്ട്രീയ നേതാക്കള്‍ങ്ങള്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും തുടക്കം കുറിച്ചു.
സെനറ്റ് റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ഫിലിബസ്റ്റര്‍ നിയമം മാറ്റി ഏകപക്ഷീയമായി സര്‍ക്കാര്‍ വീണ്ടും തുറക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും, സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ ത്യൂണ്‍ ഉടന്‍ തന്നെ ആ നിര്‍ദ്ദേശം തള്ളി.
ഷട്ട്ഡൗണിനെ ചൊല്ലിയുള്ള റിപ്പബ്ലിക്കന്‍ - ഡെമോക്രാറ്റ് തര്‍ക്കം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടാക്കാതെ വന്നാല്‍, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ അടച്ചിടലാകും ഇത്.
പൊതുജനാഭിപ്രായം ട്രംപിനെതിരെ
എബിസി ന്യൂസ്‌വാഷിംഗ്ടണ്‍ പോസ്റ്റ്-ഇപ്‌സോസ് സംയുക്ത സര്‍വേ പ്രകാരം, സര്‍ക്കാര്‍ അടച്ചിടലിന് ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയുമാണ് ഭൂരിപക്ഷം ജനങ്ങളും ഉത്തരവാദികളായി കാണുന്നത്.
രാജ്യത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ നിലച്ചു പോകുമ്പോള്‍ ജനങ്ങള്‍ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ നേരിടുകയാണ്. ഭക്ഷ്യബാങ്കുകളിലെ നീണ്ട ക്യൂ കളും വിമാനത്താവളങ്ങളിലെ താമസം തുടങ്ങി ജനങ്ങള്‍ നിത്യേനെ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദം കൂട്ടുകയാണ്.
ഭക്ഷ്യ പദ്ധതിക്ക് താല്ക്കാലിക ഭീഷണി
ഫെഡറല്‍ ഫണ്ടിംഗ് ലഭിക്കുന്ന ഭക്ഷ്യസഹായ പദ്ധതിയായ SNAP (Supplemental Nturition Assistance Program) ശനിയാഴ്ച അവസാനിക്കും. ഇതോടെ ഏകദേശം 4.2 കോടി അമേരിക്കക്കാര്‍ക്കുള്ള ഭക്ഷ്യസഹായം നിലച്ചേക്കും.
അതേ ദിവസമാണ് ഒബാമാകെയര്‍ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പുതിയ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. പലര്‍ക്കും നികുതി ഇളവുകള്‍ അവസാനിച്ചതിനെത്തുടര്‍ന്ന് പ്രീമിയം തുക കുത്തനെ കൂടും.
ആനുകൂല്യങ്ങള്‍ നീട്ടാന്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍, ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സര്‍ക്കാര്‍ തുറക്കുന്നത് വരെ ചര്‍ച്ചയില്ലെന്ന നിലപാടിലാണ്.
'ഞാന്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷേ അവര്‍ സര്‍ക്കാര്‍ തുറക്കണം. അതിനു ശേഷം നമുക്ക് കൂടിക്കാഴ്ച നടത്താം,' എന്ന് ഫ്‌ലോറിഡയിലെ മാര്‍ എ ലാഗോയില്‍ എത്തിയ ട്രംപ് പറഞ്ഞു.
സൈന്യത്തിന് ഫണ്ട് മാറ്റി, ഭക്ഷ്യപദ്ധതിക്ക് ഇല്ല
സൈനികര്‍ക്ക് ശമ്പളം നല്‍കാന്‍ ട്രംപ് ഭരണകൂടം ഫണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ഒരു സ്വകാര്യ ദാതാവില്‍ നിന്ന് 130 ദശലക്ഷം ഡോളറിന്റെ സംഭാവനയും, വിവിധ വകുപ്പുകളില്‍ നിന്ന് 5.3 ബില്യണ്‍ ഡോളര്‍ മാറ്റിനല്‍കിയും പണമടച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
എന്നാല്‍ ഭക്ഷ്യസഹായ പദ്ധതിക്കായി അതേ രീതിയില്‍ ഫണ്ട് മാറ്റാനാകുമോ എന്ന ചോദ്യത്തിന് 'ഡെമോക്രാറ്റുകള്‍ സര്‍ക്കാര്‍ തുറക്കാന്‍ അനുവദിച്ചാല്‍ മാത്രം ഭക്ഷ്യപദ്ധതിക്ക് പണം നല്‍കാന്‍ കഴിയും. അവര്‍ ഇപ്പോള്‍ അത്യന്തം ഇടതുപക്ഷവാദികളായി മാറിയിരിക്കുന്നു,' എന്നായിരുന്നു ട്രംപിന്റെ മറുപടി.
' അടിയന്തിര ഫണ്ട് നിയമപരമായി ഭക്ഷ്യപദ്ധതിക്ക് നല്‍കാനാകില്ലെന്ന് കൃഷിവകുപ്പ് സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് വ്യക്തമാക്കി. നല്‍കിയാല്‍പോലും, അത് നവംബര്‍ മാസത്തിലെ പകുതി ദിവസങ്ങള്‍ക്കുപോലും മതിയാകില്ല,' എന്നും അവര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ഡെമോക്രാറ്റ് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഭക്ഷ്യസഹായ പദ്ധതി തുടരാനാണ് ഒരു ഫെഡറല്‍ ജഡ്ജി താല്‍ക്കാലിക ഉത്തരവിലൂടെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടം അപ്പീല്‍ പോകാനുള്ള സാധ്യതയുണ്ട്.
'സര്‍ക്കാര്‍ അഭിഭാഷകര്‍ പറയുന്നത് നിയമപരമായി ചില ഫണ്ടുകള്‍ ഭക്ഷ്യപദ്ധതിക്ക് നല്‍കാന്‍ അധികാരമില്ലെന്നാണ്. എന്നാല്‍ നിയമപരമായ വ്യക്തത ലഭിച്ചാല്‍, സൈന്യത്തിനും പൊലീസിനും ചെയ്തതുപോലെ ഭക്ഷ്യസഹായത്തിനും ഫണ്ട് നല്‍കുന്നതില്‍ എനിക്ക് തടസമില്ല-എന്നാണ് ട്രംപ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
ഡെമോക്രാറ്റ് നേതാവ് ചക്ക് ഷൂമര്‍ ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു: 'അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനോട് മുട്ടുകുത്തി, നാട്ടില്‍ ഭീകരമായ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഒന്നും ചെയ്യാത്തവനായി മാറിയിരിക്കുന്നു. ട്രംപ് ദയയില്ലാത്ത രാഷ്ട്രീയക്കാരനാണ്,' എന്ന് ഷൂമര്‍ സെനറ്റില്‍ പ്രസ്താവിച്ചു.
അതേസമയം 'ഡെമോക്രാറ്റുകള്‍ കുട്ടികളെ പോലെ പെരുമാറുകയാണ്. അത് ഒരു ഉത്തരവാദിത്വമുള്ള ഭരണകക്ഷിയുടെ സമീപനം അല്ല. ഈ സ്ഥിതി തുടരുകയാണെങ്കില്‍ അവധിക്കാല യാത്രകള്‍ ദുരന്തമാകും.'വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.
ഡെമോക്രാറ്റുകള്‍ വെളിവ് കെട്ടവരാണെന്നും ട്രംപ് ആരോപിച്ചു.
ട്രംപ് ഭരണകൂടം പ്രതിസന്ധിയില്‍: സര്‍ക്കാര്‍ അടച്ചുപൂട്ടലും ഭക്ഷ്യസഹായം നിര്‍ത്തലാക്കലും അമേരിക്കക്കാരെ ബാധിക്കുന്നു
