ഭക്ഷ്യസഹായം തുടരാന്‍ കോടതി ഉത്തരവ്; അമേരിക്കക്കാര്‍ വിശന്നിരിക്കേണ്ടിവരില്ലെന്ന് ട്രംപ്

ഭക്ഷ്യസഹായം തുടരാന്‍ കോടതി ഉത്തരവ്; അമേരിക്കക്കാര്‍ വിശന്നിരിക്കേണ്ടിവരില്ലെന്ന് ട്രംപ്


വാഷിംഗ്ടണ്‍: സര്‍ക്കാര്‍ അടച്ചിടലിന്റെ നടുവില്‍ രാജ്യത്തിലെ ഏറ്റവും വലിയ ഭക്ഷ്യസഹായ പദ്ധതിയായ സ്‌നാപ് (SNAP) തുടരാന്‍ ട്രംപ് ഭരണകൂടത്തോട് രണ്ട് ഫെഡറല്‍ ജഡ്ജിമാര്‍ വെള്ളിയാഴ്ച ഉത്തരവിട്ടു. മസാച്ചുസെറ്റ്‌സിലും റോഡ് ഐലന്‍ഡിലുമുള്ള കോടതി ഉത്തരവുകള്‍ പ്രകാരം വൈറ്റ് ഹൗസ് അടിയന്തര നിധിയില്‍ നിന്ന് ഫണ്ട് ഉപയോഗിച്ച് നവംബര്‍ മാസത്തേക്കെങ്കിലും പദ്ധതി നിലനിര്‍ത്തേണ്ടിവരും.

42 മില്യണ്‍ വരുന്ന താഴ്ന്ന വരുമാനക്കാരാണ് സ്‌നാപ് പദ്ധതിയിലൂടെ പ്രതിമാസ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത്. ഫണ്ടിംഗ് നവംബര്‍ 1ന് അവസാനിക്കുന്ന സാഹചര്യത്തില്‍, 'അമേരിക്കക്കാര്‍ വിശന്നിരിക്കേണ്ടിവരില്ല' എന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പ്രസ്താവിച്ചു. എന്നാല്‍ 'നിയമപരമായി പണമടയ്ക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നാണ്  അഭിഭാഷകരുടെ അഭിപ്രായം' എന്നും, 'നിയമപരമായി എങ്ങനെ ഫണ്ട് നല്‍കാന്‍ കഴിയും എന്ന് ഉടന്‍ വ്യക്തമാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും' അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവുകള്‍ വന്നിട്ടും അനിശ്ചിതത്വം തുടരുകയാണ്. സ്‌നാപ്പിന് പൂര്‍ണമായോ ഭാഗികമായോ ഫണ്ട് ചെയ്യണമെന്ന തീരുമാനം ഭരണകൂടം കോടതികള്‍ക്ക് വിട്ടു നല്‍കിയതിനാല്‍, നിരവധി കുടുംബങ്ങള്‍ക്ക് നവംബര്‍ ആദ്യത്തില്‍ സാധാരണ ലഭിക്കുന്ന സഹായം വൈകാന്‍ സാധ്യതയുണ്ട്.

ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ചയെ ഷട്ട്ഡൗണ്‍ അവസാനിച്ചതിനു ശേഷമേ ഉള്ളുവെന്ന് ട്രംപ് വ്യക്തമാക്കി. 'ഞങ്ങള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും, പക്ഷേ അവര്‍ ആദ്യം രാജ്യത്തെ തുറക്കാന്‍ സമ്മതിക്കണം. എല്ലാം അവരുടെ തെറ്റാണ്,' എന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.