ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് ആകാശമാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവും അനധികൃതമായി മനുഷ്യക്കടത്തു നടത്തിയകുറ്റത്തിന് ഇന്ത്യന്‍-മെക്‌സിക്കന്‍ പൗരത്വമുള്ള വിക്രാന്ത് ഭരദ്വാജും ഭാര്യ ഇന്ദു റാണിയും നയിക്കുന്ന മനുഷ്യക്കടത്ത് സംഘത്തെയും ബന്ധപ്പെട്ട 16 കമ്പനികളെയും അമേരിക്കന്‍ ധനകാര്യ വകുപ്പ് (OFAC) ഉപരോധത്തിന് വിധേയമാക്കി.
ഭരദ്വാജും കൂട്ടരും നടത്തുന്ന ഹ്യൂമന്‍ സ്മഗ്ലിംഗ് ഓര്‍ഗനൈസേഷന്‍ (HSO) എന്ന സംഘം യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ദക്ഷിണ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ മെക്‌സിക്കോ വഴി യുഎസിലേക്ക് കടത്തിക്കൊണ്ടുവന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. സംഘം യാചുകളും മറീനകളും ഉപയോഗിച്ച് കുടിയേറ്റക്കാരെ കാന്‍കൂണില്‍ എത്തിച്ച് ഹോട്ടലുകളില്‍ പാര്‍പ്പിച്ച് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി എത്തിക്കുകയാണ് പതിവ്.
ഭരദ്വാജ് മനുഷ്യക്കടത്തിനൊപ്പം മയക്കുമരുന്ന് കച്ചവടം, കള്ളപ്പണം വെളുപ്പിക്കല്‍, എന്നിവയിലും പങ്കാളിയാണെന്ന് ട്രഷറി വകുപ്പ് പറഞ്ഞു. ഭാര്യ ഇന്ദു റാണിയാണ് ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും കണ്ടെത്തി.
ഇവരോടൊപ്പം ഇന്ത്യ, മെക്‌സിക്കോ, യുഎഇ എന്നിവിടങ്ങളിലെ എട്ട് കമ്പനികളും ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉപരോധംപ്രകാരം, ഇവരുടെ യുഎസിലെ ആസ്തികളും സ്വത്തും തടയപ്പെടും.
'ട്രംപ് ഭരണകൂടം ഇത്തരം അന്തര്‍ദേശീയ കുറ്റസംഘങ്ങളെ ഇല്ലാതാക്കാന്‍ ശക്തമായ നടപടി തുടരുമെന്ന് അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറി ജോണ്‍ ഹര്‍ലി പറഞ്ഞു.
മനുഷ്യക്കടത്തുകാരായ ഇന്ത്യന്‍-മെക്‌സിക്കന്‍ ദമ്പതികള്‍ക്ക് യുഎസ് സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തി
