തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാംഗങ്ങളെ സാക്ഷിനിർത്തി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തോടെ കേരളം അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമെന്ന ചരിത്രനേട്ടം കൈവരിച്ചു.
2021ൽ മന്ത്രിസഭ ചുമതലയേറ്റ ഉടൻ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യനിർമ്മാർജന പദ്ധതി. തദ്ദേശസ്വയംഭരണ വകുപ്പ്, കില, കുടുംബശ്രീ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്നാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. പൈലറ്റ് പദ്ധതിക്ക് ശേഷം സംസ്ഥാനമൊട്ടാകെ സർവേ നടത്തി. ഫലമായി 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്.
ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നിർണയം. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കി ഹ്രസ്വ, ഇടക്കാല, ദീർഘകാല പരിപാടികൾ നടപ്പാക്കി. 2023-26 കാലയളവിൽ ഏകദേശം 160 കോടി രൂപ ഈ പദ്ധതിക്കായി അനുവദിച്ചു. ഭവനനിർമ്മാണം, ആരോഗ്യപരിപാലനം, ജീവനോപാധി ഉറപ്പ് എന്നിവയ്ക്ക് പ്രത്യേകം ശ്രദ്ധ നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
നിതി ആയോഗ് കണക്കനുസരിച്ച് കേരളത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ശതമാനം 0.48 മാത്രമാണ് - ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതിദാരിദ്ര്യനിർമ്മാർജനത്തിലൂടെ 4,677 കുടുംബങ്ങൾക്ക് വീടുകൾ, 2,713 കുടുംബങ്ങൾക്ക് ഭൂമിയും വീടും, 4,394 കുടുംബങ്ങൾക്ക് തൊഴിലും വരുമാന മാർഗങ്ങളും ലഭിച്ചു. 5,132 കുടുംബങ്ങൾക്ക് റേഷൻ കാർഡ്, 5,583 കുട്ടികൾക്ക് പഠനസഹായം, 331 കുട്ടികൾക്ക് സ്‌കോളർഷിപ്പ്, 428 പേർക്ക് ഷെൽട്ടർ ഹോം സൗകര്യം, 331 കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ എന്നിവയും ഉറപ്പാക്കി. ഇതുവരെ 1,000 കോടിയിലധികം രൂപ ചെലവഴിച്ചു.
1960കളിൽ 90 ശതമാനത്തിലധികം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്ന കേരളം ഇന്ന് അതിദാരിദ്ര്യമുക്തമായത് സാമൂഹിക പ്രസ്ഥാനങ്ങൾക്കും ക്ഷേമനയങ്ങൾക്കും സർക്കാരിന്റെ ഇടപെടലുകൾക്കുമുള്ള വിജയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 62 ലക്ഷം കുടുംബങ്ങൾക്ക് ക്ഷേമപെൻഷൻ, 4.7 ലക്ഷം ഭവനരഹിതർക്കുള്ള വീടുകൾ, 43 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ ഈ നേട്ടത്തിന് ബലം നൽകിയതായി അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യവികസന മാതൃക ഇന്ന് രാജ്യത്തിന് മുന്നിൽ പുതിയ ദിശാബോധം സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. അതിദാരിദ്ര്യമുക്ത പദവി സുസ്ഥിരമായി നിലനിർത്താൻ നിരന്തര നിരീക്ഷണവും ജനപങ്കാളിത്തവുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
'കേരളം ഇന്ന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയിരിക്കുന്നു,' എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി, ഈ അഭിമാനകരമായ നേട്ടം മുഴുവൻ കേരളജനതയ്ക്ക് സമർപ്പിച്ചു.
കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം; ചരിത്ര പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
