കരാകസ് : അമേരിക്ക വെനസ്വേലയ്‌ക്കെതിരേ ആക്രമണത്തിനും ഭരണ മാറ്റത്തിനും വഴിയൊരുക്കുന്ന 'ദുഷ്പ്രചാരണം' സൃഷ്ടിക്കുകയാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു. കരീബിയന്‍ പാര്‍ലമെന്റ് അംഗങ്ങളുമായുള്ള സമാധാനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അമേരിക്കന്‍ ശക്തി എപ്പോഴും ഞങ്ങളുടെ മേല്‍ ഒരു കഥ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. അത് കള്ളവും അതിശയോക്തിയും അപകീര്‍ത്തികരവുമായ വിവരണമാണെന്ന് മഡുറോ പറഞ്ഞു.
വെനസ്വേലയെ അന്തര്‍ദേശീയ മയക്കുമരുന്ന് കടത്ത് കേന്ദ്രമായി ചിത്രീകരിച്ച് സൈനിക ഇടപെടലിന് ന്യായീകരണം കണ്ടെത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.'നമ്മളുടെ വന്‍തോതിലുള്ള എണ്ണസമ്പത്ത് പിടിച്ചടക്കാനാണ് ഈ യുദ്ധത്തിനുള്ള ഒരുക്കം. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരവും നാലാമത്തെ വാതകശേഖരവും വെനസ്വേലയ്ക്കാണ്,' മഡുറോ പറഞ്ഞു. വെനസ്വേലയെതിരായ എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍ ഈ ലാഭക്കൊതിയാണെന്നും ജനങ്ങള്‍ ഐക്യത്തോടെ നിന്ന് ഇത് നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, വെനസ്വേലയ്ക്ക് നേരെയുള്ള സൈനികാക്രമണം പരിഗണനയില്‍ ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്ക് വിരുദ്ധമായ നിലപാടാണ് ട്രംപ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.
അടുത്തിടെ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്കിലും മയക്കുമരുന്ന് വിരുദ്ധനടപടികള്‍ക്കായി അമേരിക്ക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചിരുന്നു. ഈ നീക്കങ്ങള്‍ മയക്കുമരുന്ന് കടത്തിനെതിരെയാണെന്ന് യുഎസ് അവകാശപ്പെടുമ്പോള്‍, ഇതിനെ ആക്രമണത്തിന് മുന്നൊരുക്കമെന്നാണ് വെനസ്വേല കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അമേരിക്കന്‍ സേന 14 കടത്തുകപ്പലുകള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളില്‍ 61 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അവ വെനസ്വേലയുടെ കടല്‍പരിധിക്കു പുറത്താണ് നടന്നത്.
വെനസ്വേലയ്ക്ക് നേരെ സൈനികാക്രമണം പരിഗണനയില്‍ ഇല്ലെന്ന് ട്രംപ്; അമേരിക്ക യുദ്ധത്തിന് വഴിയൊരുക്കുന്നുവെന്ന് മഡുറോ
