വ്യാജ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം മുംബൈയില്‍ ഇറക്കി

വ്യാജ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം മുംബൈയില്‍ ഇറക്കി


മുംബൈ: വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം മുംബൈയില്‍ ഇറക്കി. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനമാണ് മുംബൈയില്‍ ഇറക്കിയത്. ഇമെയില്‍ മുഖേനേയായിരുന്നു ഭീഷണി സന്ദേശമെത്തിയത്.

ഇന്‍ഡിഗോ 6ഇ 68ല്‍ മനുഷ്യബോംബ് ഉണ്ടെന്നും വിമാനം ഹൈദരാബാദില്‍ ഇറക്കുന്നത് തടയണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എല്‍ടിടിഇ- ഐഎസ്‌ഐ പ്രവര്‍ത്തകര്‍ വിമാനത്തിലുള്ളതായും 1984ല്‍ മദ്രാസ് വിമാനത്താവളത്തില്‍ നടന്നതിനു സമാനമായ തരത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

ഇതേത്തുടര്‍ന്ന് വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ വിമാനത്താവള അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.