കീവ്: റഷ്യന്‍ സൈന്യം ക്രൂയിസ് മിസൈല്‍ വിന്യസിച്ചതാിയ യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ ആരോപിച്ചു. അന്തര്‍ദേശീയ ആയുധനിയന്ത്രണ ചട്ടങ്ങളെ റഷ്യ പൂര്‍ണ്ണ അവഗണിക്കുകയാണെന്നാണ് ക്രൂയിസ് മിസൈലിന്റെ ഉപയോഗത്തോടെ തെളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
1980കളില്‍ യു എസുമായി ഒപ്പുവെച്ച ആയുധനിയന്ത്രണ കരാര്‍ ലംഘിച്ചാണ് റഷ്യ 9എം729 ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈല്‍ യുക്രെയ്‌നില്‍ വിന്യസിച്ചതെന്നാണ് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി പറയുന്നത്.
ഈ മിസൈല്‍ തന്നെയാണ് 1987ലെ ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐ എന്‍ എഫ്) കരാറില്‍ നിന്ന് അമേരിക്ക 2019-ല്‍ പിന്മാറാന്‍ കാരണമായത്. ഈ ആയുധത്തിന് കരാറില്‍ നിശ്ചയിച്ച 500 കിലോമീറ്ററിലധികം ദൂരം കൈവരിക്കാന്‍ കഴിയും എന്നായിരുന്നു അമേരിക്കയുടെ ആരോപണം. റഷ്യ അത് നിഷേധിച്ചിരുന്നെങ്കിലും അന്ന് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് റഷ്യയുടെ കരാര്‍ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഔദ്യോഗികമായി പിന്മാറുകയായിരുന്നു.
റഷ്യയ്‌ക്കെതിരെ യുക്രെയ്ന്‍ യു എസിന്റെ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ വികസിപ്പിച്ച ആയുധങ്ങള്‍ മൂവായിരം കിലോമീറ്രര്‍ ദുരം വരെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നിന് ആവശ്യമായ ധനസഹായം നല്‍കുന്നതിന് രാഷ്ട്രീയമായി അനുകൂലമായ തീരുമാനം എടുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സെലെന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ മണ്ണിലേക്ക് യുദ്ധം കൊണ്ടുവന്നത് റഷ്യയാണെന്നും അതിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ക്രെംലിനില്‍ ചേര്‍ന്ന റഷ്യന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
അമേരിക്ക പുതിയതായി ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഭിമാനമുള്ള ഒരു രാജ്യവും സമ്മര്‍ദ്ദത്തിന് വഴങ്ങാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
യുദ്ധം അവസാനിപ്പിക്കണമെന്ന യു എസ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യവും റഷ്യ തള്ളി. റഷ്യയുടെ സമാധാന നിലപാടില്‍ മാറ്റമില്ലെന്ന് ക്രെംലിന്‍ സൂചിപ്പിച്ചു.
യുക്രെയ്ന്‍ അണ്വായുധ രഹിതവും നാറ്റോ പ്രവേശനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതുമാകണമെന്നതാണ് റഷ്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രി സെര്‍ഗെയ് രാവ്രോവ് പറഞ്ഞു.
