ഒരു ജപമാലയില്‍ ഏവരെയും കോര്‍ത്തൊരുക്കി ഡാളസ് ഇടവക

ഒരു ജപമാലയില്‍ ഏവരെയും കോര്‍ത്തൊരുക്കി ഡാളസ് ഇടവക


ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ഒരമ്മ കോര്‍ത്തെടുത്ത 1250 മണി ജപമാല കൊന്തയത്ഭുതമായി. ഒരു ജപമാലയില്‍ സാധാരണ 59 മുത്തുകളാണുള്ളത്. എന്നാല്‍ 1250 മുത്തുകളോടെ പ്രാര്‍ഥനാപൂര്‍വ്വം ഒരു ജപമാല കോര്‍ത്തെടുത്ത പുണ്യചരിത്രം ഡാളസ്സില്‍ പിറന്നു. ഡാളസ്സ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ അമ്മമാരില്‍ ഒരാളാണ് ഇത്തരമൊരു ജപമാലയുണ്ടാക്കിയിരിക്കുന്നത്. അത് വെറുമൊരു ജപമാല നിര്‍മ്മാണമായിരുന്നില്ല, മറിച്ച് ഒരു ഇടവകയെക്കുറിച്ചുള്ള സ്വര്‍ഗത്തിന്റെ വലിയൊരു പദ്ധതിയും അത് നിര്‍മ്മിച്ച വ്യക്തിക്ക് അതൊരു പ്രാര്‍ഥനയുമായിരുന്നു.

ജപമാലമാസമായ ഒക്ടോബറില്‍ 'അമ്മയ്ക്കരികില്‍' എന്ന പേരിലാണ് പ്രാര്‍ഥനയോടെ ജപമാല നിര്‍മ്മാണം ആരംഭിച്ചത്. അധ്വാനവും പ്രാര്‍ഥനയും മാതൃസ്‌നേഹവും ഒരുമിച്ചുചേര്‍ന്ന ജപമാല നിര്‍മിച്ച് ദൈവാലയത്തിന് സമര്‍പ്പിച്ച ബിന്‍സി പുഴക്കരോട്ടിനെ ഏവരും പ്രത്യേകം അഭിനന്ദിച്ചു. പ്രാര്‍ഥനയ്ക്കിടയിലെ സ്വര്‍ഗസന്ദേശമായിരുന്നു ഇത്.

ജപമാലയിലെ ഓരോ മണികളെയും പരിശുദ്ധ അമ്മവഴി ഈശോയ്ക്കു സമര്‍പ്പിക്കാനായുള്ള ഉള്‍വിളിയില്‍ കോര്‍ത്തെടുത്തതാണ് ഈ ജപമാല.. ഇടവകയിലെ ഓരോ കുടുംബത്തെയും സമര്‍പ്പിത സന്യാസഭവനങ്ങളെയും ഓര്‍ത്തെടുത്ത് 'നന്മ നിറഞ്ഞ മറിയമേ' പ്രാര്‍ഥന ചൊല്ലി, എല്ലാവരുടെയും പ്രത്യേക നിയോഗങ്ങളെയും ചേര്‍ത്തു പ്രാര്‍ഥിച്ച് അമ്മവഴി ഈശോയ്ക്ക് സമര്‍പ്പിച്ചു. അങ്ങനെ 'ജപമാല തിരുനാള്‍' ഒരു വലിയ സമര്‍പ്പണ ദിവസമായി മാറി.

വിശുദ്ധ കുര്‍ബാനയോടുകൂടി വികാരി ഫാ. ബിന്‍സ് ചേത്തലിന്റെ സാന്നിധ്യത്തില്‍ ഫാ. ഡേവിഡ് ചിറമേല്‍ അള്‍ത്താര മുന്‍പില്‍ ആ വലിയ ജപമാല, പ്രാര്‍ഥനയോടെ പ്രതിഷ്ഠിച്ചപ്പോള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നത് ഒരു നാടിന്റെ മുഴുവനും പ്രാര്‍ഥനകളും സ്വപ്‌നങ്ങളും ദൈവസ്‌നേഹവുമായിരുന്നു. 1250 മുത്തുകളുള്ള നീളന്‍ ജപമാലയും കൈയിലേന്തി ജപമാല ചൊല്ലി ഏറെ ഭക്തിയോടെ വെളുപ്പിനെ 5 മണിക്ക് ആരംഭിച്ച അഖണ്ഡ ജപമാല 9 മണിക്ക് വി. കുര്‍ബാനയോടെയാണ് സമാപിച്ചത്.

ജപമാല മുത്തുകളിലൂടെ എല്ലാ നിയോഗങ്ങളും വിഷമങ്ങളും പരിശുദ്ധ അമ്മയ്ക്കു സമര്‍പ്പിക്കുന്നത്  ഏവരും നേരിട്ടുകണ്ടു. ഹൃദയനൊമ്പരങ്ങള്‍ മുഴുവനായും സ്വര്‍ഗത്തിനു നല്‍കി എല്ലാവരും സന്തോഷത്തോടെയാണ് ഭവനങ്ങളിലേക്കു തിരികെപ്പോയത്.