ചണ്ഡിഗഡ്: നിയമവിരുദ്ധ 'ഡങ്കി' റൂട്ടിലൂടെ യു എസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഹരിയാന സ്വദേശിയായ 18കാരന്‍ ഗ്വാട്ടിമാലയില്‍ കൊല്ലപ്പെട്ടതായി വിവരം. കൈതല്‍ ജില്ലയിലെ മോഹ്ന ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷക കുടുംബത്തിലെ യുവരാജ് (18) ആണ് കൊല്ലപ്പെട്ടത്. പകഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തൊഴില്‍ തേടി യുവരാജ് യു എസിലേക്കുള്ള യാത്ര ആരംഭിച്ചത്.
പ്ലസ് ടു കഴിഞ്ഞ യുവരാജിന് കുടുംബത്തെ സഹായിക്കണമെന്ന ആഗ്രഹത്തിലാണ് യു എസിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതെന്നും ബന്ധുക്കളുടെ സഹായത്തോടെ അമേരിക്കയിലേക്ക് സുരക്ഷിതമായി പോകാമെന്ന് യുവരാജിനോട് പറഞ്ഞിരുന്നതായും അമ്മാവന്‍ ഗുര്‍പേജ് സിംഗ് വാര്‍ത്താ മാധ്യമങ്ങളോടു പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് നാട്ടില്‍ നിന്നും പോയ യുവരാജിന്റെ മരണത്തെ കുറിച്ച് കുടുംബത്തിന് അടുത്തിടെ മാത്രമാണ് വിവരം ലഭിച്ചത്. മനുഷ്യക്കടത്ത് സംഘത്തിലെ ഒരാള്‍ യുവരാജിന്റെയും പഞ്ചാബില്‍ നിന്നുള്ള മറ്റൊരു യുവാവിന്റെയും മൃതദേഹങ്ങളുടെ ഫോട്ടോകളും മരണ സര്‍ട്ടിഫിക്കറ്റും അയച്ചതായി അവര്‍ പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഹരിയാനയിലെ മൂന്ന് ട്രാവല്‍ ഏജന്റുകള്‍ കുടുംബത്തില്‍ നിന്ന് വന്‍തുക വാങ്ങി യുവരാജിന് സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്തിരുന്നു. യു എസ് യാത്രയ്ക്കുള്ള ആദ്യ ഗഡു നല്‍കിയതിനു ശേഷം യുവരാജുമായി കുടുംബത്തിന് ബന്ധം നഷ്ടമായതായി ഗുര്‍പേജ് സിംഗ് പറഞ്ഞു.
യാത്ര പുറപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ഗ്വാട്ടിമാലയില്‍ യുവരാജിനെയും മറ്റൊരു യുവാവിനെയും തടവില്‍ വെച്ചിരിക്കുന്നതായി കാണിക്കുന്ന വീഡിയോകള്‍ കുടുംബത്തിന് ലഭിക്കുകയും പിന്നാലെ മനുഷ്യക്കടത്ത് സംഘത്തില്‍ നിന്നു മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഒരാള്‍ കുടുംബത്തെ ബന്ധപ്പെടുകയും യുവരാജ് കൊല്ലപ്പെട്ടതായി അറിയിക്കുകയുമായിരുന്നു. മരിച്ച വിവരം തെളിയിക്കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുക നല്‍കിയതിനു ശേഷമാണ് മരണ സര്‍ട്ടിഫിക്കറ്റും ഫോട്ടോകളും അയച്ചതെന്നും ഗുര്‍പേജ് സിംഗ് പറഞ്ഞു.
യാത്രയ്ക്കായി നല്‍കിയ പണം വിദേശത്തുള്ള മനുഷ്യക്കടത്തുകാരുടെ കൈവശം എത്തിയിട്ടില്ലെന്നാണ് കുടുംബം കരുതുന്നത്.
ട്രാവല്‍ ഏജന്റുമാര്‍ക്കും ഡങ്കര്‍മാര്‍ക്കുമായി 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ് നല്‍കിയതെന്ന് കുടുംബം പറയുന്നു.
കുടുംബം പൊലീസിനെ സമീപിച്ചതായും രണ്ട് പ്രാദേശിക ഏജന്റുമാരെ അറസ്റ്റ് ചെയ്തതായും എന്നാല്‍ തുടര്‍ന്ന് യുവരാജിന്റെ മരണവാര്‍ത്തയാണ് ലഭിച്ചതെന്നും അമ്മാവന്‍ പറഞ്ഞു.
ഹരിയാന, പഞ്ചാബ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോഴും 'ഡങ്കി' റൂട്ടുകളിലൂടെ അമേരിക്കയിലേക്കെത്താനുള്ള അപകടകരമായ ശ്രമം തുടരുന്നത്. ഇത്തരം യാത്രകള്‍ മനുഷ്യക്കടത്തുകാരുടെ ചൂഷണത്തിനും ഗുരുതരമായ അപകടങ്ങള്‍ക്കും വഴിവെക്കാറുണ്ട്.
അനധികൃതമായി അമേരിക്കയിലെത്തിയ പലര്‍ക്കും പീഡനമേറ്റതും അനവധി പേരെ തിരിച്ചയക്കലിനും വിധേയരാക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
