അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; രാജ്യത്തെ രാഷ്ട്രീയ ഭാവി നിർണായക ഘട്ടത്തിൽ

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; രാജ്യത്തെ രാഷ്ട്രീയ ഭാവി നിർണായക ഘട്ടത്തിൽ


ന്യൂഡൽഹി: രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ച് അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ ആവേശകരമായ കാത്തിരിപ്പിലാണ് ഇന്ത്യ. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആസാം, കേരളം, എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ മണിക്കൂറുകൾക്കകം ആരംഭിക്കും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ സൂക്ഷിച്ചിരിക്കുന്ന ഇവിഎംകളിലെ ജനവിധി ഇന്ന് വൈകുന്നേരത്തോടെ വ്യക്തമായ ചിത്രം നൽകും.

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കൾ ആത്മവിശ്വാസ പ്രകടനങ്ങളുമായി രംഗത്തെത്തി. ഏറ്റവും കടുത്ത മത്സരം നടന്നതായി വിലയിരുത്തുന്ന പശ്ചിമ ബംഗാളിൽ ദൈവാനുഗ്രഹം തങ്ങളോടൊപ്പമുണ്ടെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. അതേസമയം മമത ബാനർജി നൂറിലധികം സീറ്റുകളോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് അവകാശപ്പെട്ടു.

ഫാൽട്ട നിയമസഭ മണ്ഡലത്തിലെ 285 ബൂത്തുകളിലും ഗുരുതരമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്‌ട്രോങ് റൂമുകൾ  മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ പരിശോധിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെണ്ണലായിരിക്കും നടക്കുകയെന്ന് അധികൃതർ ഉറപ്പുനൽകി.

തമിഴ്‌നാട്ടിൽ പ്രവണതകൾ എക്‌സിറ്റ് പോളുകളോട് സാമ്യമുള്ളതായാണ് സൂചന. ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം വീണ്ടും അധികാരത്തിൽ തുടരുമെന്നാണ് വിലയിരുത്തൽ.

അസ്സാമിൽ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി വീണ്ടും അധികാരം ഉറപ്പിക്കാനുള്ള ശ്രമം. അസ്സാമിലും പുതുച്ചേരിയിലും ബിജെപി വിജയം ഉറപ്പാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് വനിതകളുടെ വോട്ടിംഗ് ശതമാനം ഉയർന്നത് ശ്രദ്ധേയമാണ്.

കേരളത്തിൽ പതിവായി മാറിമാറി അധികാരത്തിലെത്തുന്ന രീതിക്ക് വിരാമമിട്ട് തുടർച്ചയായ രണ്ടാം വിജയം നേടിയ ഇടതുമുന്നണി വീണ്ടും അധികാരം നിലനിർത്താനാണ് ശ്രമം. അതേസമയം തിരിച്ചുവരവിനുള്ള പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇവിടെ ഉയർന്ന വോട്ടിംഗ് ശതമാനവും വനിതകളുടെ ശക്തമായ പങ്കാളിത്തവും രേഖപ്പെടുത്തിിരുന്നു.

പുതുച്ചേരിയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നിലപാട് ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ് -ഡി.എം.കെ സഖ്യം വീണ്ടും മുന്നേറ്റം ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ സ്വാധീനിക്കുന്ന നിർണായകമായ ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായി രാജ്യവ്യാപകമായി ആകാംക്ഷയോടെ കാത്തിരിപ്പിലാണ്.