ഇറാന്‍ സമ്പദ് വ്യവസ്ഥ ദുരന്തത്തിന്റെ വക്കിലെന്ന് വൈറ്റ്ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ്

ഇറാന്‍ സമ്പദ് വ്യവസ്ഥ ദുരന്തത്തിന്റെ വക്കിലെന്ന് വൈറ്റ്ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ്


വാഷിംഗ്ടണ്‍: ഇറാന്റെ സമ്പദ്വ്യവസ്ഥ വലിയ ദുരന്തത്തിന്റെ വക്കിലാണെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ് പറഞ്ഞു. യു എസ് നടപ്പിലാക്കിയ നാവിക ഉപരോധം ഫലപ്രദമാണെന്നും ഇത് ഇറാനില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ് ദി നാഷന്‍ പരിപാടിയില്‍ സംസാരിക്കവേ ഉപരോധം ഇറാനില്‍ ഹൈപ്പര്‍ ഇന്‍ഫ്‌ളേഷന്‍ ഉണ്ടാക്കുകയും ഭക്ഷ്യക്ഷാമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നുവെന്ന് ഹാസെറ്റ് പറഞ്ഞു. പ്രസിഡന്റ് കാണുന്നതുപോലെ ഉപരോധം പ്രവര്‍ത്തിക്കുന്നുവെന്നും ഇറാിന് അത്യധികം സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ വെടിവെക്കാത്ത സാഹചര്യത്തില്‍ ചര്‍ച്ചകളും സമ്മര്‍ദ്ദവും ഒരുമിച്ചുള്ള അവസ്ഥയെ യുദ്ധമെന്ന് വിളിക്കാമോ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഹോര്‍മുസ് മേഖലയില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന ഇറാന്റെ ഭീഷണികള്‍ കാരണം മനുഷ്യസഹായം രാജ്യത്തേക്ക് എത്തുന്നതും തടസപ്പെട്ടതായി ഹാസെറ്റ് ആരോപിച്ചു. സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ അമേരിക്കയില്‍ ഇന്ധനവില വര്‍ധിച്ചതിനെക്കുറിച്ച് പ്രതികരിച്ച ഹാസെറ്റ് ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വില വര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും വ്യക്തമാക്കി.

ഇറാനെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കിയതായും ഭരണകൂടത്തെ ശ്വാസംമുട്ടിക്കുന്ന നിലയിലാക്കുകയാണെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെറ്റ് പറഞ്ഞു.  പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പരമാവധി സമ്മര്‍ദ്ദം നയത്തിന്റെ ഭാഗമായാണ് ഈ നടപടികള്‍ ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ എലീറ്റ് സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലേക്ക് പണം എത്തിക്കാന്‍ ശ്രമിക്കുന്ന ഏത് വിഭാഗത്തെയും ലക്ഷ്യമിട്ട് സാമ്പത്തിക നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് ട്രഷറി വകുപ്പ് അറിയിച്ചു.

ഭരണകൂടവുമായി ബന്ധമുള്ള വിദേശ ആസ്തികള്‍ കണ്ടെത്തി നിയന്ത്രണവിധേയമാക്കുന്നതും തുടരുകയാണെന്നും ഭാവിയില്‍ ഇത് ഇറാന്‍ ജനങ്ങള്‍ക്ക് തന്നെ ഉപയോഗപ്രദമാക്കാനാണ് ലക്ഷ്യമെന്നും ബെസറ്റ് വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും നയതന്ത്ര ചര്‍ച്ചകളിലെ നിലച്ച നിലയും തുടരുന്നതിനിടെ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന നിലപാടിലാണ് അമേരിക്ക.