തെഹ്‌റാന്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമോ എന്ന ആശങ്കകള്‍ ഉയരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ഇസ്ലാമിക് റവല്യൂഷണി ഗാര്‍ഡ് കോര്‍പ്‌സ്. അസാധ്യമായ സൈനിക നടപടിയോ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി കരാറോ എന്ന രണ്ടില്‍ ഒന്നാണ് ട്രംപ് തിരഞ്ഞെടുക്കേണ്ടതെന്ന് ഗാര്‍ഡ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ശനിയാഴ്ച ട്രംപ് ഇറാനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പ്രതികരണം. ഇറാന്‍ സമര്‍പ്പിച്ച പുതിയ നിര്‍ദ്ദേശം പരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞെങ്കിലും അതിന്റെ വിജയസാധ്യതയെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ഏപ്രില്‍ 8ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നിലച്ച നിലയിലാണ്.
ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ചൈന, റഷ്യ, യൂറോപ്പ് എന്നീ ശക്തികളുടെ നിലപാടില്‍ അമേരിക്കയോട് മാറ്റം സംഭവിച്ചിട്ടുണ്ടെന്നും പരാമര്‍ശിച്ചു.
നേരത്തെ തെഹ്‌റാന്‍ 14 ഇന നിര്‍ദ്ദേശം മധ്യസ്ഥനായ പാകിസ്ഥാന് സമര്‍പ്പിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപ് പദ്ധതി പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും അത് അമേരിക്ക അംഗീകരിക്കാന്‍ സാധ്യത കുറവാണെന്ന് സൂചന നല്‍കി.
സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത് ഇറാന്റെ പദ്ധതി ഉടന്‍ പരിശോധിക്കുമെന്നും എന്നാല്‍ കഴിഞ്ഞ 47 വര്‍ഷമായി മനുഷ്യരോടും ലോകത്തോടും ചെയ്തതിനുള്ള മതിയായ വില അവര്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ ഇത് അംഗീകരിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ടെന്നുമായിരുന്നു.
ഇറാന്റെ നിര്‍ദ്ദേശത്തില്‍ എല്ലാ മുന്നണികളിലുമുള്ള സംഘര്‍ഷം അവസാനിപ്പിക്കല്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് പുതിയ രൂപരേഖ നടപ്പാക്കല്‍ എന്നിവ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
