മുംബൈ : മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം ഡിസംബര്‍ 5 ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
നവംബര്‍ 23 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷവും അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ത്രികക്ഷി സഖ്യത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഷിന്‍ഡെയും ഫഡ്നാവിസും അജിത് പവാറും ചേര്‍ന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെയും കേന്ദ്രമന്ത്രി അമിത് ഷായെയും കണ്ട് അടുത്ത സര്‍ക്കാരിനുള്ള അധികാരം പങ്കിടുന്നത് സംബന്ധിച്ച കരാര്‍ ചര്‍ച്ച ചെയ്തത്.
മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം മാറ്റിവച്ചു ഞായറാഴ്ച നടക്കുമെന്നാണ് സൂചന. തെക്കന്‍ മുംബൈയിലെ ആസാദ് മൈതാനിയില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവ് പിടിഐയോട് വെളിപ്പെടുത്തിയത്. അതിന് മുമ്പ് ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഡിസംബര്‍ രണ്ടിന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും ഈ പ്രക്രിയയില്‍ തനിക്ക് തടസമില്ലെന്നും ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നാവിസിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര 288 നിയമസഭ സീറ്റുകളില്‍ 230 സീറ്റുകളും നേടിയാണ് ബിജെപി, ശിവസേന (ഷിന്‍ഡെ പക്ഷം), എന്‍സിപി (അജിത് പവാര്‍ പക്ഷം) പാര്‍ട്ടികളുടെ മഹായുതി സഖ്യം അധികാരം നിലനിര്‍ത്തിയത്. ബിജെപി 132 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന 57 സീറ്റുകളും എന്‍സിപി 41 സീറ്റുകളുമാണ് നേടിയത്.
അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന് വന്‍ തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ നേരിട്ടത്. കോണ്‍ഗ്രസിന് 16 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്‍സിപി (ശരദ് പവാര്‍) പാര്‍ട്ടിക്ക് 10 സീറ്റുകളും ശിവസേന (യുബിടി) 20 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.
മഹാരാഷ്ട്രയില്‍ ഡിസംബര്‍ 5 ന് മഹായുതി സഖ്യം പുതിയ സര്‍ക്കാര്‍ രൂപീകരിക്കും; ഫഡ്നാവിസ് മുഖ്യമന്ത്രി ആയേക്കും