പ്രസവിക്കാനായി യുഎസില്‍ പോയി കുഞ്ഞിന് പൗരത്വം നേടല്‍ ഇനി നടക്കില്ല; ടൂറിസ്റ്റ് വിസ കര്‍ശനമാക്കി ട്രംപ് ഭരണകൂടം

പ്രസവിക്കാനായി യുഎസില്‍ പോയി കുഞ്ഞിന് പൗരത്വം നേടല്‍ ഇനി നടക്കില്ല; ടൂറിസ്റ്റ് വിസ കര്‍ശനമാക്കി ട്രംപ് ഭരണകൂടം


വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസവിച്ച് കുഞ്ഞിന് പൗരത്വം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ യാത്ര ചെയ്യുന്നവര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇനി അനുവദിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇത്തരം 'ബര്‍ത്ത് ടൂറിസത്തിനെ'തിരെ കര്‍ശന നിലപാട് സ്വീകരിച്ച യുഎസ് സര്‍ക്കാര്‍, സഞ്ചാരവിസ സ്വീകരിക്കാന്‍ വരുന്നവരുടെ യാത്രയുടെ യഥാര്‍ത്ഥ ഉദ്ദേശം പരിശോധിക്കുന്നത് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. 

ഇന്ത്യയിലെ യുഎസ് എംബസി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച സന്ദേശത്തിലാണ് പുതിയ നിലപാട് വ്യക്തമാക്കിയത്. 'യാത്രയുടെ പ്രധാന ലക്ഷ്യം പ്രസവമാണെന്ന് സംശയിക്കപ്പെടുന്ന സാഹചര്യം ഉണ്ടെങ്കില്‍ ടൂറിസ്റ്റ് വിസ നിരസിക്കും. ഇതിന് അനുമതി നല്‍കില്ല' എന്നാണ് എംബസിയുടെ എക്‌സ് പോസ്റ്റ്. വിദേശികള്‍ യുഎസില്‍ പ്രസവിക്കാനായി വിനോദസഞ്ചാര വിസ ഉപയോഗിക്കുന്നതും അതുവഴി കുഞ്ഞിന് പൗരത്വം ഉറപ്പാക്കുന്നതും  'അംഗീകരിക്കാനാവാത്തത്' എന്ന നിലപാടാണ് ഭരണകൂടം വ്യക്തമാക്കുന്നത്.

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുമ്പ് വ്യക്തമാക്കിയതനുസരിച്ച്, രാജ്യമെത്തി പ്രസവിക്കുന്നതിന്റെ ചെലവ് പലപ്പോഴും അമേരിക്കന്‍ നികുതിദായകരുടെ ചുമലിലാകുന്നതും ഒരു ആശങ്കയാണ്. യുഎസ് ഭരണഘടനയിലെ 14ാം ഭേദഗതി പ്രകാരം അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ഏവര്‍ക്കും സ്വതവേ പൗരത്വം ലഭിക്കുന്നതിനാല്‍, ഈ ഒഴിവിലൂടെ പൗരത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവെന്നാണ് വിലയിരുത്തല്‍.

ബര്‍ത്ത് ടൂറിസത്തിന് എതിരെ നീക്കം ശക്തമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം വിസ അപേക്ഷകരെക്കുറിച്ചുള്ള കൂടുതല്‍ പരിശോധനയ്ക്കും കര്‍ശനാന്വേഷണത്തിനും ഇടയാക്കുമെന്നാണ് സൂചന.