ന്യൂഡൽഹി: ഇന്ത്യയുടെ സാങ്കേതിക ശേഷിയെ പ്രശംസിച്ച് അമേരിക്ക. എൻജിനീയറിങ് മേഖലയിലെ പ്രതിഭകളുടെ എണ്ണത്തിലും കഴിവിലും ചൈനയ്ക്ക് യഥാർഥ വെല്ലുവിളി ഉയർത്താൻ കഴിയുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പിലെ സാമ്പത്തിക വളർച്ചാ വിഭാഗം അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബർഗ് പറഞ്ഞു.
യു.എസ് -ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് ഫോറം സംഘടിപ്പിച്ച ലീഡർഷിപ്പ് സമ്മിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപുലമായ ജനസംഖ്യ, അതിവേഗ സാമ്പത്തിക വളർച്ച, ലോകത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് പ്രതിഭാ ശേഖരങ്ങളിലൊന്ന് എന്നിവ ഇന്ത്യയെ ആഗോള സാങ്കേതിക രംഗത്ത് അതുല്യ സ്ഥാനത്തേക്ക് ഉയർത്തുന്നുവെന്ന് ഹെൽബർഗ് പറഞ്ഞു. സാങ്കേതിക വിദ്യകളെ ജനങ്ങളിലേക്ക് എത്തിക്കുന്ന ആപ്ലിക്കേഷൻ വികസന മേഖലയിലും ഇന്ത്യ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്രിമ ബുദ്ധി (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക മേഖലകളിൽ ഇന്ത്യയുമായി ചേർന്ന് സംയുക്ത ഡെവലപ്പർ ഇക്കോസിസ്റ്റം രൂപപ്പെടുത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വലിയ എൻജിനീയറിങ് പ്രതിഭയും വളരുന്ന സമ്പദ്വ്യവസ്ഥയും പുതിയ സാങ്കേതിക സേവനങ്ങൾ വികസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്മിറ്റിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ച ഹെൽബർഗ്, ഇന്ത്യ എഐ വികസനത്തെ ദേശീയ മുൻഗണനയായി കാണുന്നുവെന്ന് വ്യക്തമാക്കി. 'ഭാവിയെ ലക്ഷ്യമിട്ട് ഇന്ത്യ വ്യക്തമായ പ്രതിബദ്ധതയോടെയാണ് മുന്നോട്ടുപോകുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ എൻജിനീയറിങ് തൊഴിൽശക്തികളിലൊന്ന് ഇന്ത്യയ്ക്കുണ്ട്. പോസിറ്റീവായതും പരസ്പരപൂരകവുമായ എഐ ഡെവലപ്പർ ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിൽ അമേരിക്കയും ഇന്ത്യയും ഒരേ നിലപാടിലാണ്,' അദ്ദേഹം പറഞ്ഞു.
അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതിക മത്സരത്തിനിടെ, ആഗോള സാങ്കേതിക രംഗത്ത് ഇന്ത്യയുടെ പ്രാധാന്യം കൂടുതൽ ഉയരുന്നതിന്റെ സൂചനയായാണ് ഹെൽബർഗിന്റെ പരാമർശങ്ങൾ വിലയിരുത്തപ്പെടുന്നത്.
ചൈനയ്ക്ക് യഥാർഥ വെല്ലുവിളി ഉയർത്താൻ കഴിയുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്ന് അമേരിക്ക
