ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ത്തില്‍ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്കെതിരെ വിമര്‍ശനവുമായി ലോക്‌സഭാ എം പിയും എ ഐ എം ഐ എം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. പാകിസ്ഥാനിലേതിനേക്കാള്‍ കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള നിലപാട് പുനഃപരിശോധിക്കണമെന്നും അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഇന്ത്യയുമായി ആഴത്തിലുള്ള ചരിത്രപരമായ ബന്ധം തിരിച്ചറിയണമെന്നും അദ്ദേഹം തുര്‍ക്കിയോട് ആവശ്യപ്പെട്ടു.
ഇസ്ബാങ്ക് എന്നൊരു ബാങ്ക് ഉണ്ടെന്നും അവിടുത്തെ മുന്‍ നിക്ഷേപകരില്‍ ഹൈദരാബാദ്, റാംപൂര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിരുന്നതായും തുര്‍ക്കിയെ ഓര്‍മിപ്പിക്കുന്നതായി അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.
1990 വരെ ലഡാക്ക് പ്രദേശത്ത് തുര്‍ക്കിഷ് ഭാഷ പഠിപ്പിച്ചിരുന്നുവെന്നും ഒവൈസി തുര്‍ക്കിയെ ഓര്‍മ്മിപ്പിച്ചു. ഇത് ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വടക്കന്‍ തുര്‍ക്കിയിലെ തീര്‍ഥാടകര്‍ ഒരുകാലത്ത് ഹജ്ജിനു പോകാന്‍ മുംബൈയിലാണെത്തിയിരുന്നതെന്നും ലഡാക്കിലൂടെയാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നും ഒവൈസി പറഞ്ഞു.
ഇന്ത്യയില്‍ 220 ദശലക്ഷം മുസ്‌ലിംകളാണ് ജീവിക്കുന്നത്. 'പാകിസ്ഥാന്‍ മുസ്‌ലിം രാജ്യമാണെന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല പാകിസ്ഥാന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും ഒവൈസി പറഞ്ഞു.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് തുര്‍ക്കി പാകിസ്ഥാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
ഇന്ത്യയുടെ 'പ്രകോപനമില്ലാത്ത ആക്രമണം പാകിസ്ഥാന്റെ പരമാധികാരം ലംഘിക്കുകയും നിരപരാധികളായ സാധാരണക്കാരെ കൊല്ലുകയും' ചെയ്തതിനെ തുര്‍ക്കിയെയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു.
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ തന്റെ രാജ്യം എപ്പോഴും 'നല്ലതും ചീത്തയുമായ സമയങ്ങളില്‍ പാകിസ്ഥാനിലെ സഹോദര ജനതയ്ക്കൊപ്പം' നില്‍ക്കുമെന്ന് പറഞ്ഞു.
ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലൂടെ പാകിസ്ഥാന്‍ അയച്ച 300- 400 ഡ്രോണുകള്‍ തുര്‍ക്കി നിര്‍മ്മിത സോംഗര്‍ ഡ്രോണുകളാണെന്ന് ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് വെളിപ്പെടുത്തിയതോടെയാണ് ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങള്‍ ശക്തമായത്.