ന്യൂഡൽഹി: പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെ യാത്രക്കാർക്ക് കരുതൽ നിർദേശങ്ങളുമായി ഇന്ത്യൻ വിമാന കമ്പനികൾ. ബദൽ പാതയിലേക്ക് വ്യോമഗതാഗതം തിരിച്ചുവിടുന്നത് ചില അന്താരാഷ്ട്ര സർവിസുകളെ ബാധിച്ചേക്കുമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും 'എക്‌സി'ലെ കുറിപ്പിൽ അറിയിച്ചു.
സ്‌പൈസ് ജെറ്റും സമാന അറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ പുറപ്പെട്ട വിമാനങ്ങൾ പലതും പാകിസ്താൻ വ്യോമാതിർത്തി ഒഴിവാക്കി സർവിസ് തുടരുന്നതിനാൽ കാലതാമസമുണ്ടായേക്കുമെന്നും കമ്പനികൾ അറിയിപ്പിൽ വ്യക്തമാക്കി. വ്യോമപാതയിലുള്ള മാറ്റം അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സർവിസുകളെ ബാധിച്ചേക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ സമയക്രമവും ഷെഡ്യൂളുകളും വീണ്ടും പരിശോധിക്കണമെന്നും അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനികൾ നിർദേശിച്ചു.
പാകിസ്താൻ വ്യോമാതിർത്തി അടക്കൽ: നിർദേശങ്ങളുമായി വിമാന കമ്പനികൾ
