അദാനി ഓഹരി വില ആരോപണം തള്ളിയതിനെതിരെയുള്ള ഹര്‍ജിയും തള്ളി

അദാനി ഓഹരി വില ആരോപണം തള്ളിയതിനെതിരെയുള്ള ഹര്‍ജിയും തള്ളി


ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചുകാട്ടിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം തള്ളിയതിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രിം കോടതി തള്ളി. അദാനി ഗ്രൂപ്പിന് ആശ്വാസം നല്‍കുന്നതാണ് സുപ്രിം കോടതി വിധി.  ജനുവരി മൂന്നിലെ ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്. 

അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. സെബി 24 വിഷയങ്ങളില്‍ നടത്തിയ അന്വേഷണങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നേരിട്ട് കോടതിയെ അറിയിക്കുക മാത്രമാണുണ്ടായതെന്നും അന്വേഷണം പൂര്‍ത്തീകരിച്ചോ എന്നു വ്യക്തമല്ലെന്നുമായിരുന്നു പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തലോ നടപടിയോ ഇല്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു. എന്നാല്‍, 24 വിഷയങ്ങളില്‍ 22ലും സെബി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയെന്ന് കോടതി പറഞ്ഞു. മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സുപ്രിം കോടതി വിശദമാക്കി.