ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു സീതാറാം യെച്ചൂരി- പ്രധാനമന്ത്രി നരേന്ദ്രമോഡി

ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു സീതാറാം യെച്ചൂരി- പ്രധാനമന്ത്രി നരേന്ദ്രമോഡി


ന്യൂഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്ന് മോദി ഓര്‍മ്മിച്ചു. പാര്‍ലമെന്റെറിയനായി വ്യക്തിമുദ്ര പതിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു.

'സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു. ഇന്ത്യ എന്നആശയത്തിന്റെ സംരക്ഷകനും, രാജ്യത്തെ ആഴത്തില്‍ മസസിലാക്കിയ വ്യക്തിയുമാണ്. നമുക്കിടയില്‍ ഇനി സുദീര്‍ഘമായ ചര്‍ച്ചകള്‍ ഉണ്ടാകില്ല. അത്യന്തം ദുഖകരമായ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും എന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു.'- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ എഴുതി.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്.

സീതാറാം യെച്ചൂരി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഓര്‍മ്മിച്ചത്. രാഷ്ട്രീയ ഭേദമന്യേ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും യെച്ചൂരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുകയാണ്.

വ്യാഴാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സിപിഐഎമ്മിന്റെ സൗമ്യ മുഖമായിരുന്ന യെച്ചൂരിയുടെ വിയോഗം. 2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.

സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയില്‍ വലിയ അവഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരിഗണിക്കപ്പെടുന്നത്.