കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു


ന്യൂഡല്‍ഹി: കേരളീയ വേഷത്തില്‍  പാര്‍ലമെന്റിലെത്തി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു.

കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ സ്വാഗതം ചെയ്തത്.

പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്റില്‍ സാന്നിധ്യമാകുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. ഇന്നത്തെ പാര്‍ലമെന്റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി ഭാഗമാകും.

അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാര്‍ലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബര്‍ട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.  

രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു വയനാട്ടില്‍ പ്രിയങ്കയുടെ കന്നിവിജയം. ഏറെ നാള്‍ കോണ്‍ഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് ജനപ്രതിനിധിയെന്ന കുപ്പായം പ്രിയങ്ക അണിയുന്നത്.

പ്രിയങ്ക പാര്‍ലമെന്റില്‍ ഉറച്ച ശബ്ദമായെത്തുന്നത് ഇന്ത്യാ മുന്നണിക്കും വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രിയങ്ക എംപിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. സന്ദര്‍ശക ഗ്യാലറിയില്‍ പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാന്‍ സോണിയ ഗാന്ധിയുമെത്തിയിരുന്നു