ന്യൂഡല്‍ഹിഃ വിമാനയാത്രകളില്‍ മദ്യപാനികളായ യാത്രക്കാര്‍ സഹയാത്രികര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളുടെയും ഭയാശങ്കകളുടെയും സുരക്ഷാഭീഷണികളുടെയും ഗുരുതരാവസ്ഥ ചര്‍ച്ചയാക്കി സുപ്രീംകോടതി.
അക്രമാസക്തരായ വിമാനയാത്രക്കാരെ നേരിടാന്‍ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് വിശ്വനാഥനാണ് മദ്യപിച്ച രണ്ട് പുരുഷ യാത്രക്കാര്‍ കാരണം ആകാശത്ത് ഉണ്ടായ അവരുടെ വേദനാജനകമായ അനുഭവം പരാമര്‍ശിച്ചത്.
സുപ്രീംകോടതി ജ്ഡജിമാരായ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ. വി വിശ്വനാഥന്‍ എന്നിവര്‍ സെപ്റ്റംബര്‍ 15 ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തതിനുശേഷം വിമാനത്തില്‍ അന്ന് രാത്രി ദല്‍ഹിയിലേക്ക് വിമാനത്തില്‍ മടങ്ങുമ്പോളായിരുന്നു മദ്യപാനികള്‍ സൃഷ്ടിച്ച നാടകീയ രംഗങ്ങള്‍ക്ക് സാക്ഷികളായത്.
പിറ്റേന്ന് രാവിലെ നിരവധി കേസുകള്‍ പരിഗണിക്കേണ്ടിയിരുന്നതിനാലാണ് രണ്ട് ജഡ്ജിമാരും തിടുക്കപ്പെട്ട് രാത്രിയില്‍ തന്നെ വിമാനം കയറിയത്.
ഡല്‍ഹിയില്‍ എത്തുന്നതുവരെയുള്ള മൂന്ന് മണിക്കൂറിനിടയില്‍ കേസുകളുമായി ബന്ധപ്പെ നോട്ടുകള്‍ ഐപാഡുകളില്‍ തയ്യാറാക്കാനും അവര്‍ തീരുമാനിച്ചു. എന്നാല്‍ വിമാനത്തിനുള്ളില്‍ സംഭവിച്ചത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്.
ഗാലറി ഏരിയയ്ക്കും ടോയ്‌ലറ്റിനും സമീപമുള്ള മുന്‍ നിരയിലാണ് ജഡ്ജിമാര്‍ ഇരുന്നിരുന്നത്. വിമാനം പറന്നുയര്‍ന്ന് ഏകദേശം 30 മിനിറ്റ് കഴിഞ്ഞപ്പോള്‍, ഒരു പുരുഷ യാത്രക്കാരന്‍ ടോയ്‌ലെറ്റില്‍ കയറി ഇരിക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂര്‍ ആയെന്നും വാതിലില്‍ പലതവണ മുട്ടിനോക്കിയിട്ടും പ്രതികരിക്കുന്നില്ലെന്നും ചിലര്‍ പരാതിപ്പെട്ടു. ഈ സമയത്ത്, ഛര്‍ദ്ദിക്കാന്‍ പോകുന്നതായി തോന്നിയ മറ്റൊരാള്‍ ഒരു എയര്‍ സിക്‌നെസ് ബാഗുമായി ടോയ്‌ലറ്റിലേക്ക് നടക്കുന്നുണ്ടായിരുന്നു. ഈ കാഴ്ച രണ്ട് സീനിയര്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ അസ്വസ്ഥരാക്കി.
വിമാനത്തിലെ വനിത ജീവനക്കാര്‍ പലതവണ ടോയ്‌ലറ്റിന്റെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. അവര്‍ക്ക് വാതില്‍ തുറക്കാനുള്ള ഒരു മാസ്റ്റര്‍ താക്കോല്‍ ഉണ്ടായിരുന്നെങ്കിലും പുരുഷ യാത്രക്കാരന്റെ അവസ്ഥയെക്കുറിച്ച് അറിയാത്തതിനാല്‍ അവരതിന് തയ്യാറായില്ല. ഒടുവില്‍, അവര്‍ മറ്റ് വിമാനയാത്രക്കാരോട് വാതില്‍ തുറക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഒരു യാത്രക്കാരന്‍ വാതില്‍ തുറന്നപ്പോള്‍ പുരുഷ യാത്രക്കാരന്‍ മദ്യപിച്ച് ബോധംകെട്ട് ഉറങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. അദ്ദേഹത്തെ വാഷ്‌റൂമില്‍ നിന്ന് പുറത്തിറക്കി സീറ്റിലേക്ക് തിരികെ കൊണ്ടുവന്നിരുത്തി. വാഷ്‌റൂമിന് സമീപം എയര്‍സിക്ക്‌നെസ് ബാഗുമായി കണ്ട മറ്റേ യാത്രക്കാരനും മദ്യപിച്ചിരുന്നതായി ജഡ്ജിമാര്‍ മനസ്സിലാക്കി. വിമാനം ആകാശത്ത് പറക്കുമ്പോള്‍ ചില യാത്രക്കാര്‍ സൃഷ്ടിക്കുന്ന സാഹചര്യവും അവ കൈകാര്യം ചെയ്യാന്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആവശ്യകതയും തങ്ങള്‍ നേരിട്ട് അനുഭവിക്കുകയായിരുന്നുവെന്ന് ജസ്റ്റീസ് വിശ്വനാഥന്‍ പറഞ്ഞു.
എയര്‍ ഇന്ത്യ വിമാനത്തില്‍ തന്റെ ദേഹത്തേയ്ക്ക് മൂത്രമൊഴിച്ച മദ്യപാനിയായ ഒരു യാത്രക്കാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രായമായ ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി, അത്തരം നടപടികള്‍ മറ്റ് യാത്രക്കാര്‍ക്ക് എങ്ങനെ അസൗകര്യമുണ്ടാക്കുന്നുവെന്ന് നേരിട്ട് അനുഭവിച്ച ഒരു ജഡ്ജിയുടെ മുമ്പാകെ വന്നത് യാദൃച്ഛികമാണ്.
ഈ പ്രശ്‌നം പരിഹരിക്കാന്‍ 'ക്രിയാത്മകമായ എന്തെങ്കിലും' ചെയ്യണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നടന്ന വാദം കേള്‍ക്കലില്‍ ജസ്റ്റിസ് വിശ്വനാഥന്‍ നിര്‍ദ്ദേശിച്ചു.
കേസ് പരിഗണിച്ച ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് എട്ട് ആഴ്ചയ്ക്കുശേഷം വീണ്ടും വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു. നിയന്ത്രണമില്ലാതെ പെരുമാറുന്ന വിമാന യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആഗോള സമ്പ്രദായങ്ങള്‍ക്ക് അനുസൃതമായി പരിശോധിക്കാനും പരിഷ്‌ക്കരിക്കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രത്തിന്റെ അഭിഭാഷകയായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
വിമാന യാത്രക്കിടെ മദ്യപാനികള്‍ സൃഷ്ടിച്ച നാടകീയ രംഗങ്ങള്‍ക്ക് സാക്ഷികളായി രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍