വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഉക്രെയ്‌നിനായി 725 മില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജ് തയ്യാറാക്കുന്നു. ജനുവരിയില്‍ ബൈഡന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മുമ്പ് കീവിലെ സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സഹായ പാക്കേജെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പറഞ്ഞു.
റഷ്യയുടെ സൈനിക മുന്നേറ്റം ദുര്‍ബലപ്പെടുത്തുന്നതിന് ലാന്‍ഡ് മൈനുകള്‍, ഡ്രോണുകള്‍, സ്റ്റിംഗര്‍ മിസൈലുകള്‍, ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റങ്ങള്‍ക്കുള്ള വെടിക്കോപ്പുകള്‍ എന്നിവയുള്‍പ്പെടെ യുഎസ്. സ്റ്റോക്കുകളില്‍ നിന്ന് വിവിധതരം ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ നല്‍കാന്‍ ബൈഡന്‍ ഭരണകൂടം പദ്ധതിയിടുന്നതായി പദ്ധതിയെക്കുറിച്ച് പരിചയമുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹിമാര്‍സ് ലോഞ്ചറുകള്‍ പ്രയോഗിക്കുന്ന ഗൈഡഡ് മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റം (ജിഎംഎല്‍ആര്‍എസ്) റോക്കറ്റുകളില്‍ സാധാരണയായി കാണപ്പെടുന്ന ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളും പാക്കേജില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വിജ്ഞാപനം ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ആയുധ പാക്കേജിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് തിങ്കളാഴ്ചയോടെ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബൈഡന്‍ പ്രതീക്ഷിക്കുന്ന ഒപ്പിനു മുന്നോടിയായി വരും ദിവസങ്ങളില്‍ പാക്കേജിന്റെ ഉള്ളടക്കവും വലുപ്പവും മാറിയേക്കാം.
അടിയന്തര സാഹചര്യങ്ങളില്‍ സഖ്യകക്ഷികളെ സഹായിക്കുന്നതിന് നിലവിലെ ആയുധ സ്റ്റോക്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎസിനെ അനുവദിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഡ്രോഡൌണ്‍ അതോറിറ്റി (PDA) എന്ന് വിളിക്കപ്പെടുന്ന സംവിധാനം ബൈഡന്‍ ഉയര്‍ന്നതോതില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെ അടയാളമായാണ് ഈ പാക്കേജ് വിലയിരുത്തപ്പെടുന്നത്.
വൈറ്റ് ഹൗസ് ഒഴിയുംമുമ്പ് യുക്രെയ്‌നിന് 725 മില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജ് നല്‍കാനൊരുങ്ങി ജോ ബൈഡന്‍