തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കു പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്ത്. ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ കള്ള വാര്‍ത്ത നല്‍കി ബി ജെ പിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരുത്തനെയും വെറുതെ വിടില്ലെന്നും കള്ള വാര്‍ത്ത നല്‍കിയവരെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ ഭീഷണി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ബി ജെ പിയിലെ കലഹവും സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തുവന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടില്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.
കെ സുരേന്ദ്രന്റെ ഭീഷണിക്കെതിരെ കെ യു ഡബ്ല്യു ജെ പ്രതിഷേധവുമായി രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണഎന്നും ജനാധിപത്യ മൂല്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നിരക്കാത്തതാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ സമീപനമെന്നും കെ യു ഡബ്ല്യു ജെ നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്വന്തം നില മറന്നുകൊണ്ടുള്ള അപക്വ സമീപനമാണ് സുരേന്ദ്രന്റേതെന്നും മാധ്യമ വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള സമചിത്തത പ്രകടിപ്പിക്കാനും തയ്യാറാവണമെന്നും കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.