ട്രംപിന്റെ 25 ശതമാനം താരിഫ്; പ്രഖ്യാപനത്തിന് പിന്നാലെ ട്രൂഡോയും പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും

ട്രംപിന്റെ 25 ശതമാനം താരിഫ്; പ്രഖ്യാപനത്തിന് പിന്നാലെ ട്രൂഡോയും പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും


ഒട്ടാവ: കനേഡിയന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെ ''ടീം കാനഡ'' സമീപനം വികസിപ്പിക്കാന്‍  ഈ ആഴ്ച പ്രീമിയര്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ട്രംപുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നതായും കാനഡ- യു എസ് ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായും ട്രൂഡോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു എസ് എന്നതിനാല്‍ പ്രസിഡന്റ് പുതുതായി ഏര്‍പ്പെടുത്തുന്ന താരിഫുകള്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കും. 2023-ല്‍, കാനഡ 592.7 ബില്യണ്‍ ഡോളര്‍ സാധനങ്ങളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ആ വര്‍ഷം രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 77 ശതമാനത്തിലധികമാണിത്. 

ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചില വെല്ലുവിളികളെ കുറിച്ച് സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി 20 ന് അധികാരമേറ്റയുടന്‍ കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അവരുടെ പ്രദേശത്തു നിന്നും യു എസിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്കും മയക്കുമരുന്നുകള്‍ക്കും എതിരെ ഇരു രാജ്യങ്ങളും കര്‍ശനമായി നടപടിയെടുക്കുന്നത് വരെ അവ നിലനിര്‍ത്തുമെന്നും പറഞ്ഞു. 

സോഷ്യല്‍ മീഡിയയില്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച  ആസൂത്രണം ചെയ്യുകയായിരുന്നു. 

ഈ വിഷയത്തില്‍ കാനഡക്കാര്‍ ഒറ്റക്കെട്ടായി തുടരേണ്ടതുണ്ടെന്ന് ട്രൂഡോ പറഞ്ഞു.

നമ്മള്‍ എല്ലാവരും ഇതില്‍ ഒരുമിച്ച് നില്‍ക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ടീം കാനഡ സമീപനമാണ് പ്രവര്‍ത്തിക്കുന്നത്- അദ്ദേഹം പറഞ്ഞു.

തങ്ങള്‍ കണ്ടതില്‍വെച്ച് കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണി എന്നാണ് ട്രംപിന്റെ നീക്കത്തെ ഫോര്‍ഡ് വിശേഷിപ്പിച്ചത്.

ട്രംപിന്റെ അഭിപ്രായങ്ങള്‍ അന്യായമാണെന്നും അപമാനിക്കുന്നതാണെന്നും ഒരു കുടുംബാംഗം ഹൃദയത്തില്‍ കുത്തുന്നത് പോലെയാണ് ഇതെന്നും ഫോര്‍ഡ് ഒന്റാറിയോ ലെജിസ്ലേച്ചറില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യു എസ് ഉത്പന്നങ്ങള്‍ക്ക് സ്വന്തം താരിഫ് ഉപയോഗിച്ച് തിരിച്ചടിക്കാന്‍ കാനഡ നിര്‍ബന്ധിതരാകുമെന്ന് ഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ട്രംപ് താരിഫ് വര്‍ധന ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 'വ്യാപാരയുദ്ധത്തില്‍ ആരും വിജയിക്കില്ല' എന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

ട്രംപിന്റേത് അനീതിയാണെന്നും താന്‍ അധികാരത്തിലെത്തിയാല്‍ ആവശ്യമെങ്കില്‍ തിരിച്ചടിക്കുമെന്നും കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയിലീവ്രെതിരിച്ചടിച്ചു. 

ടീം കാനഡ മീറ്റിംഗുകളെ അദ്ദേഹം പരിഹസിച്ചു സംസാരിച്ചു, അവ ചെറിയ നേട്ടങ്ങളുള്ള ഫോട്ടോ അവസരങ്ങളാണെന്ന് സൂചിപ്പിക്കുന്നു. രാഷ്ട്രീയക്കാരുടെ മേശകള്‍ക്ക് ചുറ്റും ഇരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്യുന്ന കാഴ്ച സ്ഥിരമാണെന്നും ശരിക്കും ആവശ്യം മൂര്‍ച്ചയുള്ള പ്രവര്‍ത്തന പദ്ധതിയാണെന്നും പൊയിലിവ്രെ പറഞ്ഞു. 

ട്രംപിനെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിനുള്ള വഴികള്‍ കനേഡിയന്‍ സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരായ താരിഫുകള്‍ ട്രംപ് ഭീഷണിപ്പെടുത്തുമ്പോള്‍ തങ്ങള്‍ക്കറിയാവുന്ന അഞ്ച് കാര്യങ്ങള്‍ പൊയിലിവ്രെ പറഞ്ഞു.

പൊയിലീവ്രെയുടെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന്റെ നിലവിലുള്ള നയങ്ങളെ പ്രതിഫലിപ്പിച്ചു. കാര്‍ബണിന്മേലുള്ള ലെവി നീക്കം ചെയ്യാനും കുടിയേറ്റത്തിന്മേല്‍ നിയന്ത്രണം നേടാനും അദ്ദേഹം ട്രൂഡോയോട് ആവശ്യപ്പെട്ടു. മയക്കുമരുന്നിന്റെ അനധികൃത വ്യാപാരവുമായി ബന്ധപ്പെട്ട ഇറക്കുമതിയില്‍ കൂടുതല്‍ കര്‍ശന നടപടിയെടുക്കാന്‍ അദ്ദേഹം ലിബറല്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

മെക്‌സിക്കോ ഉള്‍പ്പെടുന്ന നിലവിലുള്ള ത്രീ-വേ കരാറിന് പകരം അമേരിക്കയുമായി പ്രത്യേക ഉഭയകക്ഷി കരാറിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് നേരിട്ട് ഉത്തരം നല്‍കിയില്ല.

താന്‍ കാനഡയെ കുറിച്ച് മാത്രം ശ്രദ്ധിക്കുന്നുവെന്നും നമ്മുടെ രാജ്യത്തിന് ഒന്നാം സ്ഥാനം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും  നമ്മുടെ വ്യാപാരത്തിന്റെ 60 ശതമാനത്തിനും ഉത്തരവാദി അമേരിക്കയായതിനാല്‍ ആ ബന്ധം സംരക്ഷിക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും പൊയിലിവ്രെ പറഞ്ഞു. 

കാനഡ- യു എസ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഒരു തരത്തിലും യു എസ്- മെക്‌സിക്കോ അതിര് ത്തിയുമായി താരതമ്യപ്പെടുത്താനാവില്ലെന്ന സന്ദേശം അമേരിക്കയ്ക്ക് കൈമാറാനാണ് കാനഡ ശ്രമിക്കുന്നത്.

യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം കനേഡിയന്‍ അതിര്‍ത്തിയിലെ ആളുകളുമായി അതിര്‍ത്തി പട്രോളിംഗ് ഉദ്യോഗസ്ഥര്‍ 23,721 'ഏറ്റുമുട്ടലുകള്‍' ആണ് നടത്തിയത്. മുമ്പത്തെ വര്‍ഷം 10,021, അതിനുമുമ്പുള്ള വര്‍ഷം 2,238-ല്‍ എന്നതില്‍ നിന്നും കുത്തനെയുള്ള വര്‍ധനവാണുണ്ടായത്. എന്നാല്‍ മെക്‌സിക്കോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. ബോര്‍ഡര്‍ പട്രോളിംഗിന് കഴിഞ്ഞ വര്‍ഷം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഇത്തരം 1,530,523 ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു.

കാനഡ- യു എസ് അതിര്‍ത്തിയില്‍ മെക്സിക്കോ- യു എസ്. അതിര്‍ത്തിയില്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നതിന്റെ പ്രശ്നം സമാനമല്ലെന്ന് പാര്‍പ്പിട മന്ത്രി സീന്‍ ഫ്രേസര്‍ പറഞ്ഞു. 

മെക്സിക്കോയില്‍ നിന്നുള്ളവരെ അപേക്ഷിച്ച് കാനഡയില്‍ നിന്ന് യു എസിലേക്കുള്ള അനധികൃത അതിര്‍ത്തി ക്രോസിംഗുകള്‍ വളരെ കുറഞ്ഞതായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. എന്നിരുന്നാലും അമേരിക്കയുടെ ആശങ്ക താന്‍ ഗൗരവമായി കാണുന്നുവെന്നും ഇത് പരിഹരിക്കാന്‍ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മില്ലര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ മയക്കുമരുന്നും കുടിയേറ്റക്കാരേയും തടയാന്‍ കാനഡ നടപടിയെടുക്കേണ്ടതുണ്ടെന്ന് ഫോര്‍ഡ് പറഞ്ഞു. യു എസില്‍ നിന്നാണ് കാനഡയിലേക്ക് മയക്കുമരുന്നും കുടിയേറ്റക്കാരും തോക്കുകളും ഒഴുകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം,മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ഡോ പറഞ്ഞത് ട്രംപിന്റെ 'അസ്വീകാര്യമായ' താരിഫുകള്‍ക്കെതിരെ തന്റെ രാജ്യം തിരിച്ചടിക്കുമെന്നായിരുന്നു. അത് 'തങഅങളുടെ പൊതു ബിസിനസുകളെ അപകടത്തിലാക്കും' എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

മെക്സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്ന ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ യു എസ് വാഹന കമ്പനികളെ താരിഫ് ബാധിക്കുമെന്ന് ഒരു പത്രസമ്മേളനത്തില്‍ വായിച്ച ട്രംപിന് അയച്ച കത്തില്‍ ഷെയ്ന്‍ബോം പറഞ്ഞു.

യു എസ്- മെക്സിക്കോ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം തടഞ്ഞുവെച്ച കുടിയേറ്റക്കാരുടെ എണ്ണം കുറവാണെന്ന് ഷെയ്ന്‍ബോം ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഇടപാടുകാരെ അറസ്റ്റ് ചെയ്യാന്‍ മെക്‌സിക്കന്‍ അധികാരികള്‍ ഇതിനകം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് അവര്‍ വാദിച്ചു. 

മെക്സിക്കോയിലേക്കുള്ള തോക്കുകളുടെ ഒഴുക്ക് തടയാനും മയക്കുമരുന്ന് ഉപഭോഗ പ്രശ്നം കൈകാര്യം ചെയ്യാനും കുടിയേറ്റത്തിന്റെ കാരണങ്ങള്‍ പരിഹരിക്കാനും യു എസ് പ്രവര്‍ത്തിക്കണമെന്നും മെക്സിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

യുദ്ധത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചെലവഴിക്കുന്നതിന്റെ ഒരു ഭാഗം സമാധാനവും വികസനവും കെട്ടിപ്പടുക്കാന്‍ നീക്കിവച്ചിരുന്നെങ്കില്‍ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അവര്‍ പറഞ്ഞു. 

മെക്സിക്കോയില്‍ നിന്ന് പിടിച്ചെടുത്ത നിയമവിരുദ്ധ തോക്കുകളില്‍ 70 ശതമാനവും യു എസില്‍ നിന്നാണെന്ന് ഷെയ്ന്‍ബോം പറഞ്ഞു.

ട്രംപിന്റെ 25 ശതമാനം താരിഫ്; പ്രഖ്യാപനത്തിന് പിന്നാലെ ട്രൂഡോയും പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും