യുഎസിലെ കുറ്റപത്രത്തില്‍ ഗൗതം അദാനി പ്രതിയല്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി

യുഎസിലെ കുറ്റപത്രത്തില്‍ ഗൗതം അദാനി പ്രതിയല്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി


ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അദാനി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഗൗതം അദാനിയും ബന്ധു സാഗര്‍ അദാനിയും പ്രതികളല്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി. യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്സിപിഎ) ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹത്ഗിയുടെ പ്രതികരണം.

2020-2024 കാലയളവില്‍ സൗരോര്‍ജ്ജ കരാറുകള്‍ നേടുന്നതിനായി ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2,029 കോടി രൂപ കൈക്കൂലി നല്‍കി എന്നതാണ് കേസ്. എന്നാല്‍ കൈക്കൂലി നല്‍കിയ രീതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും ആര്‍ക്കാണ് കൈക്കൂലി നല്‍കിയത്, ഏത് രീതിയില്‍, ഏത് വകുപ്പില്‍ പെട്ടവര്‍ക്കാണ് തുടങ്ങിയ വിവരങ്ങള്‍ക്കൊന്നും വ്യക്തതയില്ല. ഇത്തരത്തിലുള്ള കുറ്റപത്രം വിശ്വസനീയമല്ലെന്നും മുകുള്‍ റോഹത്ഗി പ്രതികരിച്ചു.

അദാനി ഗ്രൂപ്പിലെ മേലധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നീതിന്യായ വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ച വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു അഭിഭാഷകനാണ്, നിരവധി കേസുകളില്‍ അദാനി ഗ്രൂപ്പിന് വേണ്ടി ഹാജരായിട്ടുണ്ട്. ഞാന്‍ എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ് പ്രകടിപ്പിക്കുന്നത്, അദാനി ഗ്രൂപ്പിന്റെ വക്താവ് എന്ന നിലയിലല്ല പ്രതികരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

'യുഎസ് കോടതിയുടെ കുറ്റപത്രം വായിച്ചിരുന്നു. ആകെ അഞ്ച് കുറ്റപത്രങ്ങളുണ്ട്. ഇതില്‍ കൗണ്ട് ഒന്നും കൗണ്ട് അഞ്ചും ഏറെ പ്രധാനമുള്ള ഏടുകളാണ്. എന്നാല്‍ ഈ ഏടുകളില്‍ അദാനിയെയോ അദ്ദേഹത്തിന്റെ അനന്തരവനെയോ കുറിച്ച് യാതൊന്നും പ്രതിപാദിച്ചിട്ടില്ല. മറ്റ് ചില വ്യക്തികള്‍ക്കെതിരെയാണ് കുറ്റപത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതെന്നും' അദ്ദേഹം വ്യക്തമാക്കി.

യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുള്ളതായും അദാനി എന്ന പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് പകരം കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ വ്യക്തികളുടെ പേര് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മുകുള്‍ റോഹത്ഗി മാധ്യമങ്ങളോട് പറഞ്ഞു. സൗരോര്‍ജ്ജ പദ്ധതിക്കായി അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപ സമാഹരിച്ച് ഈ വസ്തുത യുഎസ് ബാങ്കുകളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും മറച്ചുവെച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.