ന്യൂയോര്‍ക്കില്‍ കഞ്ചാവ് വില്പന നിയമ വിധേയമാക്കിയിട്ട് 2 വര്‍ഷം; ഈ വര്‍ഷം വില്പന 8429 കോടിയിലെത്തും

ന്യൂയോര്‍ക്കില്‍ കഞ്ചാവ് വില്പന നിയമ വിധേയമാക്കിയിട്ട് 2 വര്‍ഷം; ഈ വര്‍ഷം വില്പന 8429 കോടിയിലെത്തും


ന്യൂയോര്‍ക്കില്‍ കഞ്ചാവ് വില്‍പ്പന ഈ വര്‍ഷം അവസാനത്തോടെ ഏകദേശം 8429 കോടി രൂപയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. 2022- ല്‍ ആണ് ന്യൂയോര്‍ക്കില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്. കഴിഞ്ഞ ആഴ്ച വരെ വിപണിയില്‍ 7274 കോടി (863.9 മില്യണ്‍ ഡോളര്‍) രൂപയുടെ കഞ്ചാവ് വില്‍പന നടന്നതായും ഡിസംബര്‍ അവസാനത്തോടെ ഇത് ബില്യണ്‍ ഡോളര്‍ കടക്കുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു . ഓഗസ്റ്റ് മാസം വരെ ഇവിടെ ഏകദേശം 4423 കോടി രൂപയുടെ(500 മില്ല്യണ്‍ ഡോളര്‍) കഞ്ചാവ് വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ന്യൂയോര്‍ക്കില്‍ ഇത് ബിസിനസിനുള്ള ഒരു വലിയ സാധ്യത തുറന്നിരിക്കുകയാണ്. നിലവില്‍ വിപണിയില്‍ ശക്തമായ മുന്നേറ്റമുണ്ട്'' സ്റ്റേറ്റ്‌സ് കാന്നബിസ് മാനേജ്മെന്റ് ഓഫീസിന്റെ പോളിസി ഡയറക്ടര്‍ ജോണ്‍ കാഗിയ പറഞ്ഞു. എങ്കിലും പുതിയ നിയമപ്രകാരം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഇത് ലൈസന്‍സുള്ള കഞ്ചാവിന്റെ ചെറുകിട വില്‍പ്പനക്കാരുടെ വളര്‍ച്ചയ്ക്ക് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023-ല്‍ കഞ്ചാവ് വില്‍പ്പന നടത്താന്‍ ലൈസന്‍സുള്ള 41 റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 245 സ്റ്റോറുകള്‍ ഉണ്ട്. കൂടാതെ കഞ്ചാവിന്റെ ചില്ലറ വില്‍പ്പനയിലൂടെ മാത്രം 22 മില്യണ്‍ ഡോളര്‍ (ഏകദേശം 185 കോടി രൂപ) നികുതി വരുമാനം ലഭിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനുപുറമേ, ന്യൂയോര്‍ക്കില്‍ 1,000 പുതിയ കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങള്‍ കൂടി തുടങ്ങാന്‍ കഴിയുമെന്നും അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു

'ന്യൂയോര്‍ക്കിലെ കഞ്ചാവ് വിപണി വലിയ രീതിയിലുള്ള വളര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. അതിനൊപ്പം അനധികൃത വില്‍പ്പന തടയാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ നിയന്ത്രിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉല്‍പന്നങ്ങള്‍ക്കായുള്ള ആവശ്യകത വര്‍ധിച്ചുവെന്നും'', ആറ്റ ഡിസ്‌പെന്‍സറി എന്ന സ്ഥാപത്തിന്റെ ഉടമയായ വനേസ യീ-ചാന്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.