ധാക്ക: സംഘര്‍ഷത്തിനിടെ അഭിഭാഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുപ്പത് പേരെ ബംഗ്ലാദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമുഖ ഹിന്ദു നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടന്ന പ്രക്ഷോഭത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെയും അക്രമമുണ്ടായെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ സെയ്ഫുല്‍ ഇസ്ലാം എന്ന മുപ്പതുകാരന്‍ കൊല്ലപ്പെട്ടത്. ചിന്‍മയി കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അനുയായികളും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബംഗ്ലാദേശ് സമ്മിലിത സന്‍സ്ഥാനി ജാഗരണ്‍ ജോതെ വക്താവ് അറിയിച്ചു.
കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ചത്തോഗ്രാമിലെ ആറാം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇസ്ലാമിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇസ്ലാമിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മുപ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും അറിയിച്ചു.
കൊലപാതകത്തില്‍ ഇവരുടെ പങ്ക് പരിശോധിച്ച് വരികയാണ്. കസ്റ്റഡിയിലെടുത്തവരെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കും. സംശയിക്കുന്ന കൂടുതല്‍ പേരെ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സൈന്യവും അര്‍ദ്ധസൈനികവിഭാഗവും പൊലീസും ചേര്‍ന്ന് രാത്രി മുഴുവന്‍ നടത്തിയ െതരച്ചിലിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തെന്ന് ചത്തോഗ്രം മെട്രോപൊളിറ്റന്‍ പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ കാസി മുഹമ്മദ് തരീക് അസീസ് പറഞ്ഞു. അഭിഭാഷകന്റെ കൊലപാതകത്തെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് അപലപിച്ചു. ജനങ്ങള്‍ ശാന്തരാകണമെന്നും അനധികൃത പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഹിന്ദു നേതാവിന്റെ അറസ്റ്റിനുപിന്നാലെ സംഘര്‍ഷവും കൊലപാതകവും; ബംഗ്ലാദേശില്‍ 30 പേര്‍ അറസ്റ്റില്‍