വാഷിംഗ്ടണ്‍: ലബനാനില്‍ സമാധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ -ഹിസബുല്ല സംഘര്‍ഷം അവസാനിപ്പിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനുപിന്നാലെ ഇസ്രയാല്‍-ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ പ്രാവര്‍ത്തികമാക്കാനുള്ള നീക്കം ശക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
ബന്ദികളെ മോചിപ്പിക്കുന്നതും ഹമാസിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുന്നതും ഉള്‍പ്പെടുന്ന വ്യവസ്ഥകളുള്ള ഇസ്രായേല്‍-ഗാസ വെടിനിര്‍ത്തലിനായി യുഎസ് പ്രാദേശിക ശക്തികളുമായി വീണ്ടും ചര്‍ച്ചകളുമായി മുന്നോട്ട് പോകുമെന്ന് ജോ ബൈഡന്‍ പറഞ്ഞു.
14 മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിച്ച് ഇസ്രായേല്‍-ഹിസ്ബുല്ല വെടിനിര്‍ത്തലിന് നെതന്യാഹു അംഗീകാരം നല്‍കി ഒരു ദിവസത്തിന് ശേഷമാണ് പുതിയ നീക്കം സംബന്ധിച്ച ബൈഡന്റെ പ്രസ്താവന.
'വരും ദിവസങ്ങളില്‍, ബന്ദികളെ മോചിപ്പിച്ച് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും ഹമാസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി യുദ്ധം അവസാനിപ്പിക്കുന്നതിനും തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക വീണ്ടും ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഗാസ കരാറിനായി വീണ്ടും ശ്രമിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ബൈഡന്‍ ചര്‍ച്ചകള്‍ നടത്തിയതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.
നേരത്തെ, ഗാസയില്‍ സമാനമായ ഒരു കരാര്‍ പ്രതീക്ഷിക്കുന്നതായി ഹമാസ് പറഞ്ഞെങ്കിലും ഇസ്രായേലിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് അവര്‍. ഇസ്രയേലിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അത് കീഴടങ്ങലായി കണക്കാക്കുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 നാണ് ഹമാസ് തെക്കന്‍ ഇസ്രായേലിനെ ആക്രമിക്കുകയും 1200 ഓളം പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്.
അതിനുശേഷം ഗാസയില്‍ 44,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 104,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രദേശത്തെ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയിലെ വെടിനിര്‍ത്തല്‍ ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് യുഎസും അതിന്റെ അറബ് സഖ്യകക്ഷികളും ദീര്‍ഘകാലമായി വിശ്വസിക്കുന്നു.
പാലസ്തീന്‍ പ്രദേശത്ത് വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനും മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്ന ഖത്തര്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യാത്തതിനെ തുടര്‍ന്ന് പിന്മാറിയിരുന്നു.
യുദ്ധം അവസാനിപ്പിക്കണമെന്ന് ഹമാസ് നിര്‍ബന്ധം പിടിക്കുന്നുണ്ടെങ്കിലും ഇസ്രായേല്‍ സേനയെ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതേസമയം ഒക്ടോബര്‍ 7 ആക്രമണത്തിന്റെ കാരണക്കാരായ ഹമാസിനെ പൂര്‍ണമായും നശിപ്പിക്കാതെ പിന്മാറില്ലെന്ന ദൃഢനിശ്ചയത്തിലാണ് ഇസ്രായേല്‍.
ഹിസ്ബുല്ല കരാറിന് പിന്നാലെ ഇസ്രായേല്‍-ഗാസ വെടിനിര്‍ത്തലിന് സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി പ്രസിഡന്റ് ബൈഡന്‍