കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് കേരളം

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് കേരളം


തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍. മരണം, കൃഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തുകയുടെ ഒരു വിഹിതമെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 10 കോടിരൂപയാണ് ആവശ്യപ്പെട്ടത്. 1972-ലെ കേന്ദ്ര വന്യജീവിസംരക്ഷണനിയമം കാലാനുസൃതമായി ഭേദഗതിചെയ്യണം. കുരങ്ങുശല്യം ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍കഴിയുംവിധം അവയെ നിയമത്തിന്റെ പട്ടിക രണ്ടിലേക്കുമാറ്റുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി ശശീന്ദ്രന്‍ പറഞ്ഞു.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ആവശ്യവും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്. 1977 ജനുവരി ഒന്നിനുമുന്‍പ് കുടിയേറിയ കര്‍ഷകരുടെ ഭൂമി അവര്‍ക്ക് പതിച്ചുനല്‍കി ക്രമപ്പെടുത്തണമെന്ന ആവശ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയിലെ വനംപരിസ്ഥിതി ടൂറിസം സബ്ജക്ട് കമ്മിറ്റിയംഗങ്ങളായ സി.കെ. ഹരീന്ദ്രന്‍, സണ്ണി ജോസഫ്, പി.എസ്. സുപാല്‍, എല്‍ദോസ് കുന്നപ്പള്ളില്‍, നജീബ് കാന്തപുരം എന്നിവരും ഡീന്‍ കുര്യാക്കോസ് എം.പി., ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ തുടങ്ങിയവരും നിവേദകസംഘത്തിലുണ്ടായിരുന്നു