അന്താരാഷ്ട്ര കേബിൾ ശ്രുംഖല മുറിച്ച ചൈനീസ് കപ്പൽ ഉപരോധിച്ച് നേറ്റോ യുദ്ധക്കപ്പലുകൾ

അന്താരാഷ്ട്ര കേബിൾ ശ്രുംഖല  മുറിച്ച ചൈനീസ് കപ്പൽ ഉപരോധിച്ച് നേറ്റോ യുദ്ധക്കപ്പലുകൾ


ആഗോള സംഘർഷങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് ബാൾട്ടിക് കടലിനിടയിലൂടെ വലിച്ചിട്ടുള്ള അന്താരാഷ്ട്ര കമ്മ്യൂണിക്കേഷൻ കേബിൾ മനഃപൂർവം നശിപ്പിച്ച ചൈനീസ് വ്യാപരക്കപ്പലിനെ നേറ്റോ യുദ്ധക്കപ്പലുകൾ ഒരാഴ്ചയായി വളഞ്ഞിട്ടിരിക്കുകയാണ്.

റഷ്യൻ രാസവളങ്ങളുമായി ബാൾട്ടിക് കടലിലെത്തിയ യു പെങ് 3 എന്ന കൂറ്റൻ ചൈനീസ് കണ്ടെയ്‌നർ ഷിപ്പ് മനഃപൂർവം അതിൻറെ ആങ്കർ ഉപയോഗിച്ച് രണ്ട് നിർണായക കമ്മ്യൂണിക്കേഷൻ കേബിളുകൾക്ക് കേടുപാട് വരുത്തിയെന്നാണ് ആരോപണം. നൂറുമൈലോളം കേബിളുകൾ വലിച്ചിഴച്ച് അവ പൊട്ടിക്കുകയായിരുന്നുവെന്നാണ് നേറ്റോ അന്വേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇതോടെയാണ് നേറ്റോ യുദ്ധക്കപ്പലുകൾ സംഭവസ്ഥലത്ത് പാഞ്ഞെത്തുകയായിരുന്നു.

നവംബർ 15ന് റഷ്യയുടെ ബാൾട്ടിക് തുറമുഖമായ ഉസ്ത് ലുഗായിൽ നിന്ന് പുറപ്പെട്ട ചരക്കുകപ്പലിൻറെ ക്യാപ്റ്റൻ റഷ്യൻ പ്രേരണയിൽ ഒരു അട്ടിമറി നടത്തുകയായിരുന്നു എന്നാണ് നേറ്റോ അധികൃതർ ഇപ്പോൾ അന്വേഷിക്കുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നുവരുകയാണെന്നാണ് നേറ്റോ അധികൃതർ പറയുന്നത്.

സ്വീഡിഷ് തീരത്തോടടുത്ത് നവംബർ 17-18 തീയതികളിലായാണ് കേബിൾ ശ്രുംഖലക്ക് നാശനഷ്ടം സംഭവിച്ചത്. കപ്പലിൻറെ ക്യാപ്റ്റന് തൻറെ കപ്പലിൻറെ വേഗത അസ്വാഭാവികമായി കുറഞ്ഞതും കേബിളുകൾ വിച്ഛേദിക്കപ്പെട്ടതും ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ലായിരുന്നുവെന്നാണ് അന്വേഷകർ പറയുന്നത്.

ചരക്ക് കപ്പലിൻറെ ഉടമകളായ നിങ്‌പോ യിപ്പെങ് ഷിപ്പിംഗ് അന്വേഷണവുമായി സഹരിക്കുന്നുണ്ട്. കപ്പൽ ഇപ്പോഴുള്ളത് അന്താരാഷ്ട്ര സമുദ്ര മേഖലയിലാണ്.