ബാള്‍ട്ടിക് കേബിളുകള്‍ മുറിക്കാന്‍ ചൈനീസ് കപ്പലിന്റെ ജീവനക്കാര്‍ മന:പൂര്‍വ്വം 100 മൈല്‍ ദൂരത്ത് നങ്കൂരമിട്ടതായി സംശയം

ബാള്‍ട്ടിക് കേബിളുകള്‍ മുറിക്കാന്‍ ചൈനീസ് കപ്പലിന്റെ ജീവനക്കാര്‍ മന:പൂര്‍വ്വം 100 മൈല്‍ ദൂരത്ത് നങ്കൂരമിട്ടതായി സംശയം


ഫിന്‍ലന്‍ഡിനെയും ജര്‍മ്മനിയെയും ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള  ഇന്റര്‍നെറ്റ് കേബിള്‍ വിച്ഛേദിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ചൈനീസ് ചരക്ക് കപ്പലിനെ ചുറ്റിപ്പറ്റി പുരോഗമിക്കുന്നു. കപ്പല്‍ നങ്കൂരമിട്ട ദുരൂഹ സാഹചര്യം കണക്കിലെടുത്ത് കപ്പല്‍ ജീവനക്കാര്‍ മന:പൂര്‍വം കേബിളുകള്‍ മുറിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

ഒരാഴ്ചയായി അന്താരാഷ്ട്ര ജലത്തില്‍ യൂറോപ്യന്‍ യുദ്ധക്കപ്പലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന യി പെങ് 3 എന്ന ചൈനീസ് വാണിജ്യ കപ്പല്‍ സമുദ്ര നിയമത്തിന്റെ പരിധികള്‍ പരീക്ഷിക്കുന്നതിനും ബീജിംഗും യൂറോപ്യന്‍ തലസ്ഥാനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഭീഷണിയാകുന്ന അട്ടിമറിയെന്ന് സംശയിക്കുന്ന അന്വേഷണത്തിന്റെ കേന്ദ്രമാണ്.

റഷ്യന്‍ വളം നിറച്ച 225 മീറ്റര്‍ നീളവും 32 മീറ്റര്‍ വീതിയുമുള്ള യി പെങ് 3 ബള്‍ക്ക് കാരിയറിന്റെ ജീവനക്കാര്‍ കഴിഞ്ഞയാഴ്ച ബാള്‍ട്ടിക് കടല്‍ത്തീരത്ത് 100 മൈലിലധികം നങ്കൂരമിട്ടതിനാല്‍ രണ്ട് നിര്‍ണായക ഡാറ്റാ കേബിളുകള്‍ മന:പൂര്‍വ്വം മുറിച്ചതായി അന്വേഷകര്‍ സംശയിക്കുന്നു.

ഫിന്‍ലന്‍ഡിനെയും ജര്‍മ്മനിയെയും ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള  ഇന്റര്‍നെറ്റ് കേബിള്‍ നവംബര്‍ 18 ന് പുലര്‍ച്ചെ വിച്ഛേദിക്കപ്പെട്ടതായി റിപ്പോര്‍ട്ട്.  ലയണ്‍ 1 എന്ന് വിളിപ്പേരുള്ള കേബിളാണ് വിച്ഛേദിക്കപ്പെട്ടത്. ബാള്‍ട്ടിക് കടലിനടിയില്‍ ഏകദേശം 1,200 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന  കേബിളാണിത്.

ഫിന്നിഷ് സ്റ്റേറ്റ് ടെലികമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്ററായ സിനിയ, കേടുപാടുകള്‍ സ്ഥിരീകരിച്ചെങ്കിലും ഇത്  വിച്ഛേദിക്കപ്പെട്ടത് എങ്ങനെയെന്ന് അജ്ഞാതമെന്നാണ് പറയുന്നത്. 2016 മുതല്‍ പ്രവര്‍ത്തനക്ഷമമായ ലയണ്‍1 കേബിള്‍, ഫിന്‍ലാന്‍ഡിനും മധ്യ യൂറോപ്പിനുമിടയിലുള്ള ആദ്യത്തെ നേരിട്ടുള്ള ഇന്റര്‍നെറ്റ് ഡാറ്റ കണക്ഷനാണ്. സെക്കന്‍ഡില്‍ 144 ടെറാബിറ്റ് ശേഷിയുള്ള ലയണ്‍ 1 ജര്‍മ്മനിയിലുള്ള  ഹെല്‍സിങ്കിയെ റോസ്റ്റോക്കുമായി ബന്ധിപ്പിക്കുന്നു. വടക്കന്‍, മധ്യ യൂറോപ്പിനെ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ 'നട്ടെല്ല്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

കേബിളുകള്‍ അട്ടിമറിച്ചതായി സംശയിക്കുന്നതിനെ കുറിച്ച് ഫിന്‍ലന്‍ഡും സ്വീഡനും അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ബാള്‍ട്ടിക് കടലില്‍ ഒരു ചൈനീസ് ചരക്ക് കപ്പല്‍  കണ്ടതായി  ഡെന്മാര്‍ക്കിന്റെ നാവികസേന അറിയിച്ചിരുന്നു.

2001-ല്‍ നിര്‍മ്മിച്ചതും ചൈനീസ് കമ്പനിയായ നിംഗ്ബോ യിപെങ് ഷിപ്പിംഗ് കോയുടെ ഉടമസ്ഥതയിലുള്ളതുമായ ചരക്ക് കപ്പല്‍ ഡെന്മാര്‍ക്കിനും തെക്കുപടിഞ്ഞാറന്‍ സ്വീഡനും ഇടയിലുള്ള കട്ടേഗാട്ട് കടലിടുക്കില്‍ ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റരാത്രികൊണ്ട് നിര്‍ത്തിയതായി കപ്പല്‍ ട്രാക്കിംഗ് സൈറ്റ് മറൈന്‍ട്രാഫിക് പറയുന്നു. ഫിന്‍ലാന്‍ഡിനെ ജര്‍മ്മനിയുമായി ബന്ധിപ്പിക്കുന്ന 'സി-ലയണ്‍ 1' കേബിളിന്റെ ഭാഗത്ത് തിങ്കളാഴ്ച യി പെങ് 3 ഉണ്ടായിരുന്നതായും ട്രാക്കര്‍ കാണിക്കുന്നുണ്ട്,

ഞായറാഴ്ച പുലര്‍ച്ചെയാണ്, സ്വീഡിഷ് ബാള്‍ട്ടിക് കടല്‍ ദ്വീപായ ഗോട്ട്ലാന്‍ഡില്‍ നിന്ന് ലിത്വാനിയയിലേക്ക് നീളുന്ന ടെലികോം കേബിളായ 'അറേലിയോണ്‍' കേടായത്. ചൊവ്വാഴ്ച, ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറയുന്നതനുസരിച്ച്, അറ്റുപോയ കേബിളുകള്‍ 'സാബോട്ടേജിന്റെ' ഫലമായിരിക്കാമെന്നും ചൂണ്ടി കാണിക്കുന്നുണ്ട്.
''ഈ കേബിളുകള്‍ അബദ്ധത്തില്‍ മുറിഞ്ഞതാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും ,'' ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

2023 ഒക്ടോബറില്‍, ഫിന്‍ലന്‍ഡിനും എസ്‌തോണിയയ്ക്കും ഇടയിലുള്ള  കടലിനടിയിലെ വാതക പൈപ്പ്‌ലൈന്‍ ഒരു ചൈനീസ് ചരക്ക് കപ്പല്‍  നങ്കൂരമിട്ട് കേടായതിനെത്തുടര്‍ന്ന് അടച്ചിടേണ്ടി വന്നു.2022 സെപ്റ്റംബറില്‍,റഷ്യയിലെ വാതകം യൂറോപ്പിലേക്ക് കൊണ്ടുപോകുന്ന നോര്‍ഡ് സ്ട്രീം പൈപ്പ്‌ലൈനുകള്‍ വെള്ളത്തിനടിയിലുള്ള സ്‌ഫോടനങ്ങളുടെ ഒരു പരമ്പര തന്നെ  സൃഷ്ടിച്ചു, അതിന്റെ കാരണവും  ഇതുവരെ  കണ്ടെത്തനായിട്ടില്ല.

അക്കാലത്തെ യുക്രെയ്‌നിലെ ഉന്നത സൈനിക കമാന്‍ഡറായിരുന്ന വലേരി സലുഷ്‌നി പൈപ്പ് ലൈനുകള്‍ പൊട്ടിത്തെറിക്കാനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചിരുന്നതായി ഓഗസ്റ്റില്‍,വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പദ്ധതി അംഗീകരിച്ചതായും വാള്‍സ്ട്രീറ്റ്  ജേര്‍ണല്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഉക്രെയ്ന്‍ ഈ വാദങ്ങളെ തികച്ചും അസംബന്ധമെന്ന്  പറഞ്ഞ് നിരസിക്കുകയും ചെയ്തു. നവംബര്‍ 15-ന് സെന്റ് പീറ്റേഴ്സ് ബര്‍ഗിന്റെ പടിഞ്ഞാറുള്ള റഷ്യന്‍ തുറമുഖമായ ഉസ്ത് ലുഗയില്‍ നിന്ന് യി പെങ് 3 പുറപ്പെട്ടു എന്നാണ് വെസല്‍ഫൈന്‍ഡര്‍ സൂചിപ്പിക്കുന്നത്.