വാഷിംഗ്ടണ്‍ ഡിസിഃ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പുതിയ ഭരണത്തില്‍ പ്രധാന റോളുകള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട നിരവധി നോമിനികള്‍ക്ക് ലഭിച്ച ബോംബ് ഭീഷണികളെക്കുറിച്ച് എഫ്ബിഐ അന്വേഷണം തുടങ്ങി.
പുതിയ ഭരണകൂടത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നിരവധി പേര്‍ ബോംബ് ഭീഷണി സന്ദേശങ്ങള്‍
ലഭിച്ചതായി പരാതിപ്പെട്ടിരുന്നു.
ബൈഡന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് വരാനിരിക്കുന്ന ട്രംപ് അഡ്മിനിസ്‌ട്രേഷന് ഭരണം കൈമാറുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ട്രാന്‍സിഷന്‍ ടീമിന്റെ വക്താവ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ചു.
'ഇന്നലെ രാത്രിയും ഇന്ന് രാവിലെയും, പ്രസിഡന്റ് ട്രംപിന്റെ കാബിനറ്റ് നോമിനികളും അഡ്മിനിസ്‌ട്രേഷന്‍ നിയമിച്ചവരും അവരുടെ ജീവിതത്തിനും അവരോടൊപ്പം താമസിക്കുന്നവര്‍ക്കും അക്രമപരവും അമേരിക്കന്‍ വിരുദ്ധവുമായ ഭീഷണികള്‍ നേരിട്ടുവെന്ന് ഡോണാള്‍ഡ് ട്രംപിന്റെ ട്രാന്‍സിഷന്‍ ടീം വക്താവ് കരോളിന്‍ ലെവിറ്റ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍, പറഞ്ഞു.
ആര്‍ക്കൊക്കെയാണ് ഈ ഭീഷണികള്‍ ലഭിച്ചതെന്നതിന്റെ വിശദാംശങ്ങളൊന്നും ലെവിറ്റ് നല്‍കിയില്ല, 'സ്വാറ്റിംഗ്. മുതല്‍ 'ബോംബ് സ്‌ഫോടനം
' വരെ നേരിടേണ്ടിവരുമെന്ന ഭീഷണികളാണ് ലഭിച്ചതെന്ന് അവര്‍ പറഞ്ഞു.
ഭീഷണികളെക്കുറിച്ച് അറിയാമെന്നും അന്വേഷണം ആരംഭിച്ചെന്നും എഫ്ബിഐ സ്ഥിരീകരിച്ചു. 'സാധ്യതയുള്ള എല്ലാ ഭീഷണികളും ഞങ്ങള്‍ ഗൗരവമായി എടുക്കുന്നുവെന്ന് ഉന്നത അന്വേഷണ ഏജന്‍സി പറഞ്ഞു.
വ്യാജമായ വിവരങ്ങള്‍ നല്‍കി പോലീസിനെ ആരുടെയെങ്കിലും വീട്ടിലേക്ക് അടിയന്തിരമായി വിളിച്ചുവരുത്തുന്ന രീതിയാണ് സ്വാറ്റിംഗ്.
അമേരിക്കയുടെ യുഎന്‍ അംബാസഡറായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എലിസ് സ്റ്റെഫാനിക്ക്, ന്യൂയോര്‍ക്കിലെ തന്റെ വസതി ബോംബ് വെച്ചു തകര്‍ക്കുമെന്ന ഭീഷണി ലഭിച്ചതായി പറഞ്ഞു. താങ്ക്‌സ്ഗിവിംഗ് ആഘോഷിക്കാന്‍ താന്‍ ഭര്‍ത്താവിനും ചെറിയ മകനുമൊപ്പം വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ഭീഷണിയെക്കുറിച്ച് അറിഞ്ഞതെന്ന് അവര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ട്രംപിന്റെ നോമിനികള്‍ക്ക് നേരെ ബോംബ് ഭീഷണി; എഫ് ബി ഐ അന്വേഷണം തുടങ്ങി