ഇസ്രായേല്‍- ഹിസ്ബുല്ല കരാറിന് പിന്നാലെ ഗാസ വെടിനിര്‍ത്തലിന് തയ്യാറായി ഹമാസ്

ഇസ്രായേല്‍- ഹിസ്ബുല്ല കരാറിന് പിന്നാലെ ഗാസ വെടിനിര്‍ത്തലിന് തയ്യാറായി ഹമാസ്


ഗാസ: ഇസ്രായേല്‍- ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കി മണിക്കൂറുകള്‍ക്ക് ശേഷം ഗസ്സയില്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഹമാസ്. 

വെടിനിര്‍ത്തല്‍ കരാറിനും തടവുകാരെ കൈമാറുന്നതിനുള്ള കരാറിനും തയ്യാറാണെന്ന് ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളിലെ മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.

സാധ്യതയുള്ള കരാറിന് ഇസ്രായേല്‍ തടസ്സം നില്‍ക്കുന്നതായും ഹമാസ് ആരോപിച്ചു. ലെബനന്‍ വെടിനിര്‍ത്തല്‍ ഹിസ്ബുള്ളയെ ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ ഇനി ഹമാസിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് യു എസ്, ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇതാണ് ഇസ്രയേലുമായുള്ള കരാറിന് ഫലസ്തീന്‍ സംഘടനയെ പ്രേരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നുണ്ടെങ്കിലും ഇരു കക്ഷികളും കരാര്‍ അംഗീകരിച്ചിരുന്നില്ല.

ഖത്തറും യു എസും പോലുള്ള മധ്യസ്ഥര്‍ പലതവണ നിര്‍ദ്ദേശിച്ച കരാറില്‍ പരാമര്‍ശിച്ച വ്യവസ്ഥകള്‍ ഹമാസും ഇസ്രായേലും നിരസിക്കുകയായിരുന്നു. 

ഗാസയില്‍ സൈന്യത്തെ വിടണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം കരാറിനെ കൂടുതല്‍ ബാധിച്ചതായി മധ്യസ്ഥര്‍ പറയുകയായിരുന്നു. 

ഹിസ്ബുള്ളയും ജൂത രാഷ്ട്രവും തമ്മിലുള്ള 13 മാസത്തെ സംഘര്‍ഷത്തിന് ശേഷമാണ് ദീര്‍ഘകാലമായി കാത്തിരുന്ന കരാര്‍ പ്രാബല്യത്തില്‍ വന്നത്. 

വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് ബ്ലൂ ലൈനിന് ഇടയിലുള്ള പ്രദേശത്ത് നിന്ന് 60 ദിവസത്തിനുള്ളില്‍ ഹിസ്ബുള്ള തങ്ങളുടെ പോരാളികളേയും ആയുധങ്ങളും നീക്കം ചെയ്യും. ലെബനനും ഇസ്രായേലും തമ്മിലുള്ള അനൗദ്യോഗിക അതിര്‍ത്തിയാണ് ബ്ലൂ ലൈന്‍.

ബ്ലൂ ലൈനിന് ചുറ്റുമുള്ള പ്രദേശത്ത് ഹിസ്ബുള്ള പോരാളികള്‍ക്ക് പകരം ലെബനന്‍ സൈന്യത്തെ നിയമിക്കുമെന്നും കരാര്‍ പറയുന്നു.

പ്രദേശത്ത് നിന്ന് ഹിസ്ബുള്ളയുടെ ആയുധങ്ങളും അടിസ്ഥാന സൗകര്യങ്ങളും നീക്കം ചെയ്യുന്നത് അവര്‍ ഉറപ്പാക്കുകയും അവയുടെ പുനര്‍നിര്‍മ്മാണം കൂടുതല്‍ തടയുകയും ചെയ്യും. 60 ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെയും സാധാരണക്കാരെയും പ്രദേശത്ത് നിന്ന് നീക്കം ചെയ്യും.

ഇരുവശത്തുമുള്ള സാധാരണക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കരാര്‍ സഹായകമാകുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.